Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിലെ മോദീപ്രഭാവം തടയാൻ ഹിന്ദുത്വത്തെ പുണർന്ന് മമത ബാനർജി

Modi-Mamata

കൊൽക്കത്ത∙ ബംഗാൾ പിടിക്കാൻ കരുക്കൾ നീക്കുന്ന ബിജെപിക്ക് തിരിച്ചടി നൽകാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനർജി. ‘ഹിന്ദുക്കളോട് സഹിഷ്ണുതയുള്ള’ നേതാവാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവായ മമത പയറ്റുന്നത്. ഹിന്ദുത്വ പ്രചാരണത്തിലൂടെ വോട്ടർമാരെ അടുപ്പിക്കുന്ന ബിജെപിക്ക് അതേ നാണയത്തിലാണ് ദീദിയുടെയും മറുപടി. പ്രദേശിക നേതാക്കൾക്ക് ഇത്തരത്തിലുള്ള സന്ദേശം മമത നൽകിക്കഴിഞ്ഞു.

പ്രതിഛായാ മാറ്റത്തിന്റെ ഭാഗമായാണ് മമതയുടെ കപിൽമുനി ആശ്രമ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കഴിഞ്ഞദിവസം ഗംഗാസാഗർ സന്ദർശനത്തിന്റെ ഭാഗമായാണ് കപിൽമുനി ആശ്രമത്തിൽ മമത എത്തിയത്. മുഖ്യ പുരോഹിതൻ ജ്ഞാൻജാസ്ജിയുമായി മുഖ്യമന്ത്രി വിശദമായി കൂടിക്കാഴ്ച നടത്തി. ആശ്രമത്തിൽ ഒരു മണിക്കുറോളം ചെലവിട്ടാണ് മമത മടങ്ങിയത്. ഗംഗയിലും ബംഗാൾ ഉൾക്കടലിലും മകര സംക്രാന്തി പൂജകൾക്കായി ജനുവരി 14ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുക. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്നാണ് വിശദീകരണം.

‘ഞാനിവിടെ വീണ്ടും വരും’ എന്നുപറഞ്ഞാണ് മമത മടങ്ങിയത്. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായും ഹിന്ദുക്കൾക്ക് എതിരായുമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്ന ബിജെപി പ്രചാരണത്തിന്റെ മുനയൊടിക്കുക കൂടിയായിരുന്നു സന്ദർശനോദ്ദേശ്യം. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വോട്ടുവിഹിതം കൂടിയത് തൃണമൂലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സബാങ്, ദക്ഷിണ കാന്തി മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനമാണ് തൃണമൂലിനെ ഞെട്ടിച്ചത്.

1957 മുതൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ സബാങ് തൃണമൂൽ പിടിച്ചെടുത്തിരുന്നു. കോൺഗ്രസിൽനിന്നു കാലുമാറി തൃണമൂലിലെത്തി ഈ വർഷമാദ്യം രാജ്യസഭാ എംപിയായ മനസ് ഭൂനിയയുടെ ഭാര്യ ഗീതാ റാണിയായിരുന്നു ടിഎംസി സ്ഥാനാർഥി. രണ്ടിടത്തും തൃണമൂൽ വിജയിച്ചെങ്കിലും ബിജെപിയുടെ വോട്ടുവിഹിതം കുതിച്ചുയർന്നത് ഭീഷണിയാണ്. ബിജെപിക്ക് ഇവിടെ കാര്യമായ പാർട്ടി പ്രവർത്തനമില്ല. സബാങ്ങിൽ 2016ൽ 5,610 വോട്ട് മാത്രം കിട്ടിയ ബിജെപി ഉപതിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത് 37,476 വോട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുത്വ തന്ത്രത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതും തൃണമൂലിനെ ആശങ്കയിലാക്കുന്നു. ബ്രാഹ്മണ, മേൽജാതി വോട്ടുബാങ്കുകളെ കൂടാതെ ഒബിസി, എസ്‍സി, ഗോത്ര വിഭാഗങ്ങളെ കൂടി ഉൾച്ചേർത്താണ് മോദിയുടെ പ്രവർത്തനം. ഗ്രാമീണ മേഖലകളിൽ വിവിധ സമുദായങ്ങളെ ആകർഷിക്കാൻ ഇതിലൂടെ ബിജെപിക്ക് സാധിക്കുന്നുണ്ട്. എസ്‍സി ഉപദേശക സമിതി രൂപീകരിച്ചാണ് മമത ഈ നീക്കങ്ങളെ പ്രതിരോധിച്ചത്. ഇതിനൊപ്പം, ക്ഷേത്ര നവീകരണത്തിലും ശ്രദ്ധിക്കുന്നു. താരാപീഠ്, താരകേശ്വർ, കാളിഘട്ട് ക്ഷേത്രങ്ങൾ‌ പുനരുദ്ധരിക്കാനാണ് മമത സർക്കാർ ഫണ്ട് വകയിരുത്തിയത്.

related stories