Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തം പാഠമായി; മുംബൈയിലെ നൂറോളം പബ്ബുകളിൽ പരിശോധന, പൊളിച്ചുനീക്കൽ

BMC-bulldozers മുംബൈയിൽ റസ്റ്ററന്റുകളിലെ അനധികൃത നിർമാണങ്ങൾ ബിഎംസി അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കുന്നു.

മുംബൈ ∙ ലോവർ പരേലിലെ റൂഫ്‌ടോപ് പബ്ബിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നൂറിലധികം റസ്റ്ററന്റുകളിലും പബ്ബുകളിലുമുണ്ടായിരുന്ന ഒട്ടേറെ അനധികൃത നിർമാണങ്ങൾ കോർപറേഷൻ അധികൃതർ ഇടപെട്ടു പൊളിച്ചുനീക്കി. ബൃഹൻമുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) അധികൃതരാണ് നഗരപരിധിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയത്. ആയിരത്തിലധികം ഉദ്യോഗസ്ഥരും തൊഴിലാളികളും ഈ ‘പൊളിച്ചുനീക്കൽ’ യജ്ഞത്തിൽ പങ്കാളികളായി.

ഇതുവരെ 624 ഇടങ്ങളിൽ പരിശോധന പൂർത്തിയാക്കി. 314 സ്ഥലങ്ങളിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി. ഏഴു ഹോട്ടലുകൾ പൂട്ടി സീൽ ചെയ്തു. മതിയായ സുരക്ഷ കൂടാതെ സൂക്ഷിച്ചിരുന്ന 417 എൽപിജി ഗാസ് സിലിൻഡറുകൾ പിടിച്ചെടുക്കുകയും ചെയ്തു. അനധികൃതമായി നിർമാണ പ്രവർത്തികൾ നടത്തിയതിന് ഇതുവരെ മൂന്നു കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുംബൈ ലോവർ പരേലിലെ റൂഫ്‌ടോപ് പബ്ബിൽ വെള്ളിയാഴ്ച പുലർച്ചെ പിറന്നാളാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 11 സ്ത്രീകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടിരുന്നു. 21 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ലോവർ പരേൽ സേനാപതി ബാപ്പട് മാർഗിലെ കമലാ മിൽസ് കോംപൗണ്ടിൽ മൂന്നു നില കെട്ടിടത്തിന്റെ ടെറസിൽ പ്രവർത്തിച്ചിരുന്ന പബ്ബിലായിരുന്നു അപകടം. കെട്ടിടത്തിലെ അനധികൃത നിർമാണത്തിനും സുരക്ഷാ വീഴ്ചകൾക്കും നേരെ കോർപറേഷൻ കണ്ണടയ്ക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ബിഎംസി കമ്മിഷണർക്കു നിർദേശം നൽകുകയും ചെയ്തു.

24 വാർഡുകളുള്ള ബിഎംസിയിൽ മൂന്നു വീതം ടീമുകളാണ് ഓരോ വാർഡിലും റസ്റ്ററന്റുകളും പബ്ബുകളും തട്ടുകടകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയതെന്ന് കോർപറേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഓരോ ടീമിലും കുറഞ്ഞത് 10 അംഗങ്ങളുണ്ടായിരുന്നു. ആരോഗ്യ, ഭരണ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ നടപടിയിൽ പങ്കെടുത്തു.

പരിശോധനയിൽ അനധികൃതമെന്ന് വ്യക്തമായ നിർമാണങ്ങൾ അപ്പോൾത്തന്നെ പൊളിച്ചുനീക്കിയതായാണ് റിപ്പോർട്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. ഇതിനായി അവധിയിലുള്ള ഉദ്യോഗസ്ഥരോടും തൊഴിലാളികളോടും ജോലിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

അതേസമയം, അപകടം നടന്ന പബ്ബിന്റെ ഉടമകളായ ഹൃദേഷ് സാങ്‌വി, ജിഗർ സാങ്‌വി, അഭിജീത് മാൻക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337, 338 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ നടപടിക്രമങ്ങളിലെ വീഴ്ചയ്ക്കു ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

related stories