Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിൽ വീണ്ടും ‘വ്യക്തിപൂജ’ വിവാദം; ആഞ്ഞടിച്ച് പിണറായി, കോടിയേരി

Pinarayi Vijayan

പാലക്കാട് ∙ ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം‍. ചിലയിടങ്ങളില്‍ വിഭാഗീയത നിലനില്‍ക്കുന്നതായും നേതാക്കള്‍ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും മണ്ണാര്‍ക്കാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പിണറായി വ്യക്തമാക്കി.

വ്യക്തി‌ താല്‍പര്യം സംരക്ഷിച്ച് പ്രവര്‍ത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുളള പൊതുചര്‍ച്ചയില്‍ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെതിെരയും വിമര്‍ശനമുണ്ടായി. മലമ്പുഴ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മണ്ഡലം സെക്രട്ടറിയെ മാറ്റിയതാണ് വിഎസിനെതിരായ  വിമർശനത്തിന് കാരണം.

പത്തനംതിട്ടയിലും 'വ്യക്തിപൂജ' വിവാദം

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും ‘വ്യക്തിപൂജ വിവാദമുയർന്നു. ഇവിടെ ജില്ലാ സെക്രട്ടറിക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശകാരവും ലഭിച്ചു. കെ.പി. ഉദയഭാനുവിനെ പ്രതിനിധി പുകഴ്ത്തി സംസാരിച്ചതിനാണ് സംസ്ഥാന സെക്രട്ടറിയുടെ ശകാരം. ഇത് പറഞ്ഞു പറയിപ്പിച്ചതാണോ എന്നും കോടിയേരി സംശയം പ്രകടിപ്പിച്ചു. പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിക്കെതിരെയും സമ്മേളനത്തിനിടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓഖി ദുരന്തമേഖലയിൽ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയത്. പൊലീസിൽ ഐപിഎസ് ഭരണമാണ് നടക്കുന്നതെന്നും സമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നു. ഓഖി ദുരന്തബാധിത പ്രദേശത്ത് മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നു എന്ന പൊതു വിലയിരുത്തലാണ് ചർച്ചയിൽ ഉയർന്നത്.