Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം ലോകമഹായുദ്ധ കാലത്ത് ‘അപ്രത്യക്ഷമായ’ ഓസീസ് മുങ്ങിക്കപ്പൽ കണ്ടെത്തി

Hmas-ae1-submarine എച്ച്എംഎഎസ് എഇ1. (Pic: Australian War Memorial)

മെൽബൺ ∙ ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായ ഓസ്ട്രേലിയൻ നാവികസേനയുടെ മുങ്ങിക്കപ്പൽ ഒരു നൂറ്റാണ്ടിനുശേഷം കണ്ടെത്തി. ദ്വീപുരാജ്യമായ പാപുവ ന്യൂഗിനിയോട് ചേർന്ന് ഡ്യൂക് ഓഫ് യോർക്ക് ദ്വീപുകൾക്ക് സമീപമാണ് 103 വർഷങ്ങൾക്കു മുൻപ് കാണാതായ എച്ച്എംഎഎസ് എഇ1 എന്ന മുങ്ങിക്കപ്പൽ കണ്ടെത്തിയത്. 1976 മുതൽ‌ ഈ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയായിരുന്നു.

കടലുകൾ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളിൽ സഹായിക്കുന്ന ഫുർഗ്രോ ഇക്വേറ്റർ എന്ന നിരീക്ഷണക്കപ്പലാണ് കടലിനടിയിൽ മുങ്ങിക്കപ്പലിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടർന്ന് ഡ്രോണുകളും എക്കോ സൗണ്ടറുകൾ പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് പരിശോധന നടത്തിയ ഗവേഷകരാണ് ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓസീസ് നാവികസേനയ്ക്ക് നഷ്ടമായ മുങ്ങിക്കപ്പലാണ് ഇതെന്ന് തിരിച്ചറിഞ്ഞത്.

ജലനിരപ്പിൽനിന്നും ഏതാണ്ട് 1,000 അടി താഴ്ചയിലാണ് മുങ്ങിക്കപ്പൽ കണ്ടെത്തിയത്. 1914 സെപ്റ്റംബർ 14നാണ് പാപുവ ന്യൂഗിനിയയ്ക്കു സമീപം റബൗളിൽനിന്ന് ഈ മുങ്ങിക്കപ്പൽ കാണാതായത്. ഈ സമയത്ത് മുങ്ങിക്കപ്പലിലുണ്ടായിരുന്ന 35 ജീവനക്കാരെക്കുറിച്ചും പിന്നീട് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഉള്ളവരായിരുന്നു ഇവർ.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഓസീസ് നാവികസേനയ്ക്ക് നഷ്ടമായ ആദ്യ മുങ്ങിക്കപ്പൽ കൂടിയാണിത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഒട്ടേറെ മുങ്ങിക്കപ്പലുകൾ അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇത്തരത്തിൽ നഷ്ടമായിട്ടുള്ള മുങ്ങിക്കപ്പലുകളുടെ എണ്ണം തീരെ കുറവാണ്.

related stories