Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെയെ തകർക്കാൻ കെൽപ്പുള്ളവർ ജനിച്ചിട്ടുമില്ല, ജനിക്കുകയുമില്ല: പളനിസാമി

Rajinikanth-Palanisami രജനികാന്ത്, എടപ്പാടി പളനിസാമി

ചെന്നൈ ∙ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ എംജിആറിന്റെയും ജയയുടെയും ‘സ്വാധീനം’ ഉപയോഗിച്ച് തടുക്കാൻ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ശ്രമം. ജനാധിപത്യക്രമത്തിൽ ആർക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കിയ അണ്ണാ ഡിഎംകെ, തങ്ങളുടെ ജന സ്വാധീനം തകർക്കാൻ ആർക്കുമാകില്ലെന്നും അവകാശപ്പെട്ടു.

തമിഴ്നാട്ടിലെ ജനങ്ങൾ എക്കാലത്തും അണ്ണാ ഡിഎംകെ സ്ഥാപകൻ എംജിആറിനും അദ്ദേഹത്തിന്റെ പിൻഗാമിയായ ജയലളിതയ്ക്കും മാത്രമേ വോട്ടു ചെയ്യൂവെന്നും അണ്ണാ ഡിഎംകെ നേതാക്കൾ വ്യക്തമാക്കി. അണ്ണാ ഡിഎംകെയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ആർക്കുമാകില്ലെന്നും പാർട്ടി അവകാശപ്പെട്ടു.

‘രജനികാന്തിന്റെ പ്രഖ്യാപനമടങ്ങിയ പ്രസ്താവന ഇതുവരെ വായിച്ചിട്ടില്ല. എന്തായാലും അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നു മാത്രമേ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും അണ്ണാ ഡിഎംകെയെ തകർക്കാൻ കെൽപ്പുള്ളവർ ഇതുവരെ ജനിച്ചിട്ടില്ല, ഇനിയൊട്ട് ജനിക്കുകയുമില്ല – തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.

അതേസമയം, ഇന്ത്യയിലെ ഏതൊരു പൗരനും രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തോടുള്ള ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ പ്രതികരണം.