Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയ്ക്കും ‘ചിലത്’ പറയാനുണ്ട്: പുതുവൽസര സന്ദേശം ‘കടുപ്പിച്ച്’ ചിൻപിങ്

Xi-Jinping

ബെയ്ജിങ് ∙ ചൈനീസ് പ്രസിഡന്റെന്ന നിലയിലുള്ള രണ്ടാം വരവിൽ രാജ്യാന്തര വിഷയങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഷി ചിൻപിങ്ങിന്റെ പുതുവൽസര ദിന സന്ദേശം. ചൈനയുടെ സ്വപ്ന പദ്ധതിയായ ‘വൺ ബെൽറ്റ് വൺ റോഡ്’ (ഒബോർ) പദ്ധതിയുമായി സജീവമായി മുന്നോട്ടുപോകുമെന്നും പുതുവൽസര സന്ദേശത്തിൽ ചിൻപിങ് വ്യക്തമാക്കി. ആദ്യം മുതലേ ഇന്ത്യ എതിർപ്പുയർത്തുന്ന പദ്ധതിയാണിത്.

ഐക്യരാഷ്ട്ര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ ചൈനീസ് പ്രസിഡന്റ്, ചൈനയുടെ രാജ്യാന്തര ദൗത്യങ്ങളും കർത്തവ്യങ്ങളും വിജയകരമായി പൂർത്തീകരിക്കുമെന്നും പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യാന്തര സമൂഹം കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളോട് നീതിപുലർത്തുന്നതിലും ചൈന ബദ്ധശ്രദ്ധരായിരിക്കുമെന്ന് ചിൻപിങ് വ്യക്തമാക്കി.

രാജ്യാന്തര ക്രമം പിന്തുടരുന്നതിലും ലോക സമാധാനം സംരക്ഷിക്കുന്നതിലും രാജ്യാന്തര വികസനവും വളർച്ചയും യാഥാർഥ്യമാക്കുന്നതിലും ചൈന ക്രിയാത്മകമായ പങ്കുവഹിക്കുമെന്നും ചിൻപിങ് ഉറപ്പുനൽകി. ഉത്തരവാദിത്തമുള്ള ‘സുപ്രധാന രാജ്യ’മെന്ന നിലയിൽ ചൈനയ്ക്ക് എല്ലാക്കാര്യങ്ങളിലും വ്യക്തമായ നിലപാടുകളുണ്ടെന്നും ചിൻപിങ് ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ പുതുവൽസര സന്ദേശം രാജ്യവ്യാപകമായി ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്തു.

അതേസമയം, ചില മേഖലകളിൽ ചൈനീസ് സർക്കാരിന് വീഴ്ചകൾ സംഭവിച്ചെന്ന പ്രസിഡന്റിന്റെ തുറന്നുപറച്ചിൽ കൗതുകമുണർത്തി. രാജ്യാന്തര വിഷയങ്ങളേക്കാൾ ആഭ്യന്തര വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ തുറന്നുപറച്ചിൽ. വികസനം സാധ്യമാക്കിയെങ്കിൽക്കൂടി പൊതുജനങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി അദ്ദേഹം സമ്മതിച്ചു. എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കി കൂടുതൽ സജീവമായി പ്രവർത്തിക്കേണ്ടത് ഈ സാഹചര്യത്തിൽ അത്യന്താപേഷിതമാണെന്നും ചിൻപിങ് ചൂണ്ടിക്കാട്ടി.

2020നുള്ളിൽ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്നും പ്രസിഡന്റ് ഉറപ്പുനൽകി. 2020ലേക്ക് മൂന്നു വർഷത്തെ ദൂരമേയുള്ളൂ. ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും സജീവമായി നീങ്ങാൻ എല്ലാവരേയും ആഹ്വാനം ചെയ്യുന്നു. ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ചു മുന്നേറാം – ചിൻപിങ് പറഞ്ഞു.

related stories