Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഥിൻ പട്ടേലിന് ധനവകുപ്പു നൽകാൻ തീരുമാനം; ഗുജറാത്ത് പ്രതിസന്ധിക്കു പരിഹാരം

Nitin Patel ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിഥിൻ പട്ടേൽ സ്ഥാനം ഏറ്റെടുത്തപ്പോൾ

അഹമ്മദാബാദ് ∙ ഗുജറാത്തിൽ വകുപ്പു വിഭജനത്തെച്ചൊല്ലി ഇടഞ്ഞ ഉപമുഖ്യമന്ത്രി നിഥിൻ പട്ടേലിന് ധനവകുപ്പ് നൽകാൻ തീരുമാനമായി. പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെയാണ് പട്ടേലിന് അദ്ദേഹം ആവശ്യപ്പെട്ട ധനവകുപ്പ് നൽകാൻ തീരുമാനിച്ചത്. ഇതോടെ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബിജെപിയിൽ ഉടലെടുത്ത തർക്കത്തിനും താൽക്കാലിക വിരാമമായി. ബിജെപി വിട്ടുവരാൻ നിഥിൻ പട്ടേലിനെ കോൺഗ്രസ് ക്ഷണിക്കുന്നതു വരെയെത്തിയ പ്രതിസന്ധിക്കാണ് ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

വകുപ്പു വിഭജനത്തിലുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ട്, തനിക്ക് അനുവദിച്ച ആരോഗ്യം, റോഡ് തുടങ്ങിയ വകുപ്പുകൾ ഏറ്റെടുക്കാൻ നിഥിൻ പട്ടേൽ വിസ്സമ്മതിച്ചതാണു പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. മന്ത്രിസഭയിൽ രണ്ടാമനായ നിഥിനു കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ നിഷേധിച്ചതാണു പ്രതിഷേധത്തിനു കാരണമായത്. ധനവകുപ്പ് ആദ്യം അംബാനി സഹോദരന്മാരുടെ അളിയൻ സൗരഭ് പട്ടേലിനാണു നൽകിയിരുന്നത്.

നിഥിൻ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്സാനയിൽ പുതുവർഷ ദിനത്തിൽ ബന്ദ് ആചരിക്കാൻ സർദാർ പട്ടേൽ ഗ്രൂപ്പ് നേതാവ് ലാൽജി പട്ടേൽ ആഹ്വാനം ചെയ്തിരുന്നു. നിഥിൻ പട്ടേലിനെ സ്വവസതിയിൽ സന്ദർശിച്ച ശേഷമായിരുന്നു ലാൽജി പട്ടേലിന്റെ ആഹ്വാനം.

നേരത്തെ, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് ഇന്നു രാവിലെ സെക്രട്ടേറിയറ്റിലെത്തി ഉപമുഖ്യമന്ത്രിയായി നിഥിൻ പട്ടേൽ ചുമതലയേറ്റത്. കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവതന്നെ ലഭിക്കണമെന്നു പാർട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥാനമേൽക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ധനവകുപ്പ് നൽകിക്കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.

related stories