Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2002 മുതൽ നൽകിയത് 2,12,850 കോടി; പാക്കിസ്ഥാന് ഇനി സഹായമില്ലെന്ന് ട്രംപ്

Donald Trump

ന്യൂയോർക്ക്∙ ഭീകര സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പാക്കിസ്ഥാനെ കൈവിട്ട് യുഎസ്. പാക്കിസ്ഥാന് വർഷാവർഷം മുടക്കമില്ലാതെ നൽകാറുള്ള സാമ്പത്തിക സഹായം റദ്ദാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു.

‘15 വർഷമായി പാക്കിസ്ഥാൻ നമ്മെ വിഡ്ഢികളാക്കുകയാണ്. 33 ബില്യൺ ഡോളർ സഹായമാണ് ഇത്രയും കാലത്തിനിടെ അവർക്ക് നൽകിയത്. നമ്മുടെ നേതാക്കളെ അവർ വിഡ്ഢികളാക്കി. തിരിച്ചുതന്നതാകട്ടെ നുണകളും കാപട്യങ്ങളും മാത്രം. അഫ്ഗാനിസ്ഥാനിൽ ഭീകർക്കെതിരെ നമ്മൾ പോരാടുമ്പോൾ, ഭീകരരുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ മാറി. ഇനിയും മുന്നോട്ടുപോകാനാവില്ല’– യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.

പാക്കിസ്ഥാനു സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് യുഎസ് നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ വാക്കുകൾ. പാക്കിസ്ഥാനു നൽകുന്ന 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായം തടഞ്ഞുവയ്ക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയിരുന്നു. ഭീകര സംഘടനകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പാക്കിസ്ഥാൻ നിഷ്ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തിയാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്.

2002നു ശേഷം 3300 കോടി ഡോളറിന്റെ (2,12,850 കോടിയോളം രൂപ) ധനസഹായമാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്. പാക്കിസ്ഥാനെതിരെ ഏതുവിധത്തിലുള്ള നടപടി സ്വീകരിക്കണമെന്ന കാര്യം തീരുമാനിക്കാൻ മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഈ മാസമാദ്യം കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് അധികാരമേറ്റശേഷം പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധത്തിൽ കാര്യമായ വിള്ളലുണ്ടായി. എന്തായാലും ഭീമമായ ധനസഹായം നഷ്ടപ്പെടുന്നത് പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ്.

യുഎസിന്റെ സാമ്പത്തിക സഹായം മുടങ്ങാതിരിക്കാൻ അറ്റകൈ എന്ന നിലയ്ക്ക്, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്തുദ്ദഅവ (ജെയുഡി) മേധാവിയുമായ ഹാഫിസ് സയീദിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ പാക്കിസ്ഥാൻ നീക്കം തുടങ്ങിയിരുന്നു. പക്ഷേ, ചെപ്പടിവിദ്യകളല്ല ആവശ്യമെന്ന സന്ദേശമാണ് ട്രംപ് ഭരണകൂടം നൽകിയത്.

ഭീകരവിരുദ്ധ പോരാട്ടത്തിൽ അലംഭാവം കാട്ടുന്ന പാക്കിസ്ഥാനെ ട്രംപ് ഭരണകൂടം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് തീരുമാനം വന്നത്. ‘ഭീകരതയുടെയും അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഏജന്റുമാരായ ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്ന’ രാജ്യമായാണ് പാക്കിസ്ഥാനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.