Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ ഗോവ മുഖ്യമന്ത്രിയുടെ വിവാദ ‘കത്ത്’; തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് കോൺഗ്രസ്

Manohar Parrikar

പനജി∙ കർണാടക – ഗോവ രാഷ്ട്രീയത്തിൽ വിവാദത്തിനു തിരികൊളുത്തി ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ‘കത്ത്’. കർണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പയ്ക്ക് എഴുതിയ കത്താണു വിവാദമായത്. ഗോവയിലെ കർഷകർക്കിടയിൽ ‘അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്ന’ കത്താണിതെന്നു വിശേഷിപ്പിച്ച കോൺഗ്രസ് ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് അതെന്നും വ്യക്തമാക്കി.

മഹായദി നദിയിൽനിന്നുള്ള വെള്ളത്തെ ചൊല്ലി ഗോവ – കർണാടക സംസ്ഥാനങ്ങൾ തമ്മിൽ തർക്കമുണ്ട്. ഇതു പരിഹരിക്കുന്നതിനായി പ്രത്യേക ട്രൈബ്യൂണലിനെവരെ വച്ചിട്ടുണ്ട്. നദിയിലെ വെള്ളം കർണാടകയുടെ കുടിവെള്ള ആവശ്യങ്ങൾക്കു പങ്കുവയ്ക്കുന്നതിൽ ഗോവ തയാറാണെന്നായിരുന്നു പരീക്കറുടെ കത്തിന്റെ ഉള്ളടക്കം. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു പരീക്കറുടെ കത്ത് പുറത്തുവന്നത്. ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയിരിക്കുന്ന കർണാടകത്തിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയക്കളികളുടെ ഭാഗമായാണു ഗോവ മുഖ്യമന്ത്രിയുടെ നീക്കമെന്നാണു കർണാടക – ഗോവ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വിലയിരുത്തൽ.

വിഷയത്തിൽ ഇപ്പോൾ പരീക്കർ യെഡിയൂരപ്പയ്ക്കു കത്തെഴുതേണ്ട യാതൊരു കാര്യവുമില്ലായിരുന്നുവെന്നു ഗോവയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലെക്കർ പറഞ്ഞു. വിഷയത്തിൽ ചൊവ്വാഴ്ച പനജിയിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നിരുന്നു. കത്ത് അനാവശ്യമാണെന്നു യോഗം വിലയിരുത്തി. കർണാടകയിലെ കർഷകർക്കിടയിലും കത്ത് അസ്വസ്ഥതയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, പരീക്കർ ഇക്കാര്യം തർക്കം പരിഹരിക്കാൻ നിയോഗിച്ചിരിക്കുന്ന ട്രൈബ്യൂണലിനെ എഴുതി അറിയിക്കണമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കാൻ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ താൻ എഴുതിയ കത്തുകൾക്കു പരീക്കർ മറുപടി നൽകിയിട്ടില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം, കത്തിനെതിരെ ഗോവയിലും വിവാദം പുകയുകയാണ്. ‘അമി ഗോംകർ’ എന്ന പേരിൽ 21 സന്നദ്ധസംഘടനകൾ പരീക്കറുടെ കത്ത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഗോവയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും മുഴുവൻ എംഎൽഎമാരും നിലപാടു വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, മഹായദി നദിയിൽനിന്നുള്ള വെള്ളത്തിന്റെ പ്രശ്നം ശക്തമായി ഉയർത്താനാണു കർണാടക ബിജെപി ഘടകം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ മേഖലകളിലെ ജനങ്ങൾക്കു കോൺഗ്രസ് സർക്കാരിനോടുള്ള എതിർപ്പ് പുറത്തുകൊണ്ടുവരുന്നതിനു തക്കതായ വിഷയങ്ങൾ എടുത്തു പ്രചാരണം നടത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടതായാണു വിവരം. ഇക്കൂട്ടത്തിൽ വെള്ളം വിട്ടുതരാനുള്ള പരീക്കറുടെ താൽപ്പര്യവും വലിയരീതിയിൽ പ്രചാരണായുധം ആക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.