Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന്റെ പ്രതിച്ഛായ പോരാ, മോദി ലോകത്തിനു സമ്മതൻ: മുഷറഫ്

Pervez Musharraf

ദുബായ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശ നയത്തെയും പ്രകീർത്തിച്ച് മുൻ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫ്. രാജ്യാന്തര തലത്തിൽ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നും മുഷറഫ് പറഞ്ഞു. ദുബായിലെ വസതിയിൽ, പാക്കിസ്ഥാനിലെ ദുനിയ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫിന്റെ പരാമർശങ്ങൾ.

‘പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്ക്രിയമാണ്. രാജ്യാന്തര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുന്നു. പാക്കിസ്ഥാന് രാജ്യാന്തരതലത്തിൽ എന്തെങ്കിലും ബഹുമാനം കിട്ടുന്നുണ്ടോ? എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കൂ. മോദി പാക്കിസ്ഥാനുമേൽ ആധിപത്യം സ്ഥാപിക്കുകയാണ്. എന്തിനാണ് ലഷ്കറെ തയിബ ഭീകര സംഘടനയാണെന്ന് നമ്മൾ അംഗീകരിച്ചത്?’– മുഷറഫ് ചോദിച്ചു.

പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന്റെ കാര്യവും മുഷറഫ് പരാമർശിച്ചു. കുൽഭൂഷൺ ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെയെന്തിനാണ് ലഷ്കർ ഭീകരരാണെന്ന് പാക്കിസ്ഥാൻ സമ്മതിച്ചത്. തന്റെ ഭരണകാലത്ത് പാക്കിസ്ഥാൻ സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും മുഷറഫ് പറഞ്ഞു. അര മണിക്കൂറിലേറെ ദൈർഘ്യമുള്ളതാണ് അഭിമുഖം.

അടുത്തിടെ, ഭീകര സംഘടനകളായ ലഷ്കറെ തയിബയെയും ജമാഅത്തുദ്ദഅവയെയും ദേശസ്നേഹികളെന്നു വിളിച്ച് മുഷറഫ് രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി ‘ദേശ സ്നേഹികളായ’ ഈ സംഘടനകളുമായി സഖ്യമുണ്ടാക്കാൻ തയാറാണ്. പാക്കിസ്ഥാനും കശ്മീരിനും വേണ്ടി ലഷ്കർ, ജമാഅത്തുദ്ദഅവ അംഗങ്ങൾ സ്വന്തം ജീവൻ തന്നെ നൽകുന്നതായും മുഷറഫ് പറഞ്ഞു.

പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പു സഖ്യം രൂപീകരിക്കാനൊരുങ്ങുന്ന മുഷറഫ് 25 ഓളം രാഷ്ട്രീയ പാര്‍ട്ടികളുമായി ചർച്ചകൾ നടത്തി. ബേനസീർ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് ഇപ്പോൾ ദുബായിലാണ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കൽ തുടങ്ങിയവയാണ് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി മുഷറഫിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

related stories