Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധഭീതിയുടെ മഞ്ഞുരുകുന്നു; ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്കൊരുങ്ങി കിം

Kim Jong Un

സോൾ∙ യുദ്ധഭീതിയുടെ നടുവിൽ നിൽക്കുമ്പോഴും ഉത്തര കൊറിയയുമായി ചർച്ചയ്ക്കു തയാറായി ദക്ഷിണ കൊറിയ. പ്യോങാങ്ങുമായി ഉന്നതതല ചർച്ചയ്ക്കുള്ള ഒരുക്കങ്ങളാണ് സോളിൽ നടക്കുന്നത്. അടുത്ത ആഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ചർച്ച നടക്കും.

ശത്രുരാജ്യങ്ങളായ രണ്ടു കൊറിയകളും തർക്കം മറന്ന് ചർച്ചയ്ക്കു തയാറായതു ശുഭസൂചകമായാണ് നയതന്ത്ര വിദഗ്ധർ കാണുന്നത്. ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്തി ഭീഷണി മുഴക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്നെയാണ് സമാധാന ശ്രമത്തിനു വഴിതുറന്നത് എന്നതാണ് ശ്രദ്ധേയം. പുതുവൽ‌സര സന്ദേശം നൽകാൻ ടിവിയിൽ പ്രത്യക്ഷപ്പെട്ട കിം, അടുത്തമാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്സിന് ആശംസ അറിയിച്ചത് ഏവരെയും അമ്പരപ്പിച്ചു.

ഒളിംപിക്സിന് ഉത്തര കൊറിയൻ സംഘത്തെ അയയ്ക്കുന്നത് പരിഗണിക്കുമെന്ന പറഞ്ഞ കിം, രാജ്യത്തിന്റെ അഭിമാനം കാണിക്കാനുള്ള വലിയ അവസരമാണ് പങ്കാളിത്തമെന്നു വ്യക്തമാക്കി. ഒളിംപിക്സ് വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇരു കൊറിയയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരണമെന്നും കിം ആവശ്യപ്പെട്ടു. ഇതാണ് അപ്രതീക്ഷിത ചർച്ചകൾക്ക് തുടക്കമിട്ടത്. ദക്ഷിണ കൊറിയ അവസരത്തിനൊത്ത് പ്രവർത്തിക്കുകയായിരുന്നു.

എന്നാൽ, പുതുവർഷ സന്ദേശത്തിന്റെ ആദ്യഭാഗത്ത് സൗമനസ്യത്തിലല്ല കിം സംസാരിച്ചത്. ആണവ ബട്ടൺ എപ്പോഴും തന്റെ മേശപ്പുറത്തുണ്ട്. ഇതു ഭീഷണിയല്ല, യാഥാ‍ർഥ്യമാണെന്ന് യുഎസ് തിരിച്ചറിയണം. ബാലിസ്റ്റിക് മിസൈലുകളും ആണവ പോർമുനകളും ഈ വർഷം ആവശ്യം പോലെ നിർമിക്കും. ലോകത്തിന്റെ ആശങ്കകളെ തെല്ലും വകവയ്ക്കുകയില്ല. അണ്വായുധ പദ്ധതി തുടരും. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സൈനിക സംഘർഷം ഒഴിവാക്കാൻ ദക്ഷിണ കൊറിയയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയാറാണെന്നും കിം വ്യക്തമാക്കി.

ഒളിംപിക്സിൽ പങ്കെടുക്കുമെന്ന കിമ്മിന്റെ പ്രഖ്യാപനത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെങ്കിൽ ഉത്തര കൊറിയയുമായി ഏതു സമയത്തും എവിടെ വച്ചും ചർച്ച നടത്താൻ തയാറാണെന്നാണ് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞത്. പ്യോങ്ചാങ്ങിൽ ഫെബ്രുവരി 9 മുതൽ 25 വരെയാണ് ശീതകാല ഒളിപിംക്സ് അരങ്ങേറുക.