Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കമ്മാരസംഭവ’ത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്ററുമായി ദിലീപ് സമൂഹമാധ്യമത്തിൽ

Dileep കമ്മാരസംഭവത്തിന്റെ പോസ്റ്റർ. ചിത്രം: ഫെയ്സ്ബുക്

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ആദ്യ പ്രതികരണവുമായി സമൂഹമാധ്യമത്തിൽ. പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയാണ് ദിലീപിന്റെ വാക്കുകള്‍. എത്‌ പ്രതിസന്ധിയിലും ദൈവത്തെപ്പോലെ ആരാധകർ  ഒപ്പമുണ്ടെന്നതാണ്‌ ശക്തിയെന്നു പറയുന്ന ദിലീപ് തുടർന്നും സ്നേഹവും കരുതലും വേണമെന്ന അഭ്യർഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായതെന്ന മുഖവുരയോടെ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക് പോസ്റ്ററാണ് നടൻ പുറത്തിറക്കിയത്. 2017 ജൂലായ് 10ന് ‘രാമലീല’യിലെ ചിത്രമാണ് സമൂഹമാധ്യമത്തിൽ ദിലീപ് അവസാനമായി പങ്കുവച്ചത്. താടിവച്ച് പട്ടാളവേഷത്തിലാണ് കമ്മാരസംഭവം പോസ്റ്ററിൽ ദിലീപുള്ളത്. ഒരു മണിക്കൂറിനകം 45,000 ലൈക്കുകളും 4,400ഓളം ഷെയറുകളുമായി പോസ്റ്റർ വ്യാപകമായി പ്രചരിക്കുകയാണ്.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം, വളച്ചവർക്ക് സമർപ്പിതം, ഒടിച്ചവർക്ക് സമർപ്പിതം, വളച്ചൊടിച്ചവർക്ക് സമർപ്പിതം എന്നെഴുതിയ കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷം നടൻ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് പ്രതികരണങ്ങളിൽ വ്യക്തം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിർമാണം.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയിൽ വിധി പറയുന്നത് അങ്കമാലി കോടതി ജനുവരി ഒൻപതിലേക്കു മാറ്റി. ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂ·ഷന്റെ വാദം. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്തുവന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് വാർത്തയായത്.

ദിലീപിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ,

ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ. എത്‌ പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി. തുടർന്നും നിങ്ങളുടെ സ്നേഹവും കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും, എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു പുതുവർഷം നേർന്ന് കൊണ്ടും, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ "കമ്മാരസംഭവം "എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം. 
ഒടിച്ചവർക്ക് സമർപ്പിതം. 
വളച്ചൊടിച്ചവർക്ക്... സമർപ്പിതം.

related stories