Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലിത്–മറാഠാ സംഘർഷം ആർഎസ്എസ് വക, മോദി ഇപ്പോഴും ‘മൗനിബാബ’: കോൺഗ്രസ്

Mallikarjun-Kharge ലോക്സഭയിൽ സംസാരിക്കുന്ന മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തൊട്ടുപിന്നിൽ.

ന്യൂഡൽഹി ∙ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലാകെ പടർന്നുപിടിച്ച ദലിത്–മറാഠാ സംഘർഷത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ലോക്സഭയിലാണ് ഈ ആരോപണം ഉന്നയിച്ചത്. സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഘർഷത്തെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ ഇരുസഭകളും പലവട്ടം തടസ്സപ്പെട്ടു.

വിഷയത്തെക്കുറിച്ച് മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖാർഗെ വിമർശിച്ചു. മൗനിബാബയായി തുടരുകയാണ് മോദി. തീവ്ര ഹിന്ദുത്വവാദവുമായി രംഗത്തുള്ള ആർഎസ്എസാണ് രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഘടിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ സംഘർഷം സൃഷ്ടിച്ചതും ആർഎസ്എസ് പ്രവർത്തകരാണ് – ഖാർഗെ പറഞ്ഞു.

ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഗുജറാത്തോ ഉനയോ രാജസ്ഥാനോ ആകട്ടെ, ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിലെല്ലാം കടുത്ത അനീതിയാണ് നിലനിൽക്കുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സുപ്രീം കോടതി ജഡ്ജിയെ നിയോഗിക്കണം.

ദേശീയതലത്തിൽത്തന്നെ ചർച്ചയായ വിഷയത്തിൽ പ്രതികരിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖാർഗെ വിമർശിച്ചു. പ്രധാനമന്ത്രി പാർലമെന്റിൽവന്ന് ഇതേക്കുറിച്ച് പ്രസ്താവന നടത്തണം. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പ്രധാനമന്ത്രി ഒന്നും ചെയ്യാതെ നോക്കിനിൽക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

അതേസമയം, കോൺഗ്രസ് തന്നെയാണ് രാജ്യത്ത് വിഘടിപ്പിച്ചു ഭരിക്കുന്ന രീതിക്ക് തുടക്കമിട്ടതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. വിഘടിപ്പിച്ചു ഭരിക്കുന്ന രീതിയിലൂടെ ജനങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചത് കോൺഗ്രസാണ്. ഇതിൽനിന്നെല്ലാം മാറി രാജ്യത്തെ ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് പ്രധാനമന്ത്രി മോദി നടത്തുന്നതെന്നും പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർപ്രതികരിച്ചു.

എരിതീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീ അണയ്ക്കുന്നതിനു പകരം സംഘർഷം ഊതിക്കത്തിക്കാനാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും താൽപര്യം. ഈ രീതി രാജ്യത്തെ ജനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അനന്ത് കുമാർ പറഞ്ഞു.

related stories