Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദി യുഎൻ ഔദ്യോഗിക ഭാഷയാക്കിയാൽ? ലോക്സഭയിൽ തരൂർ– സുഷമ പോര്

Tharoor-Sushama ശശി തരൂർ, സുഷമ സ്വരാജ്

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂരും തമ്മിൽ വാക്പോര്. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ‘കോർത്തത്’.

ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് പിന്തുണ തേടി 129 യുഎൻ അംഗരാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്ന് സുഷമ സ്വരാജ് എഴുതിത്തയ്യാറാക്കി നൽകിയ മറുപടിയിൽ സഭയെ അറിയിച്ചതിനു പിന്നാലെയാണ് തരൂർ വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഒരു ഭാഷ യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ചെലവേറിയതാണെന്നിരിക്കെ, ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും മാത്രം പരിഗണിച്ച് ഇത്തരമൊരു തീരുമാനമെടുക്കേണ്ടതുണ്ടോ എന്നായിരുന്നു തരൂരിന്റെ ചോദ്യം.

ഇപ്പോഴത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഹിന്ദി സംസാരിക്കുന്നതിൽ പ്രാവീണ്യമുള്ളവരാണെങ്കിലും, ഭാവിയിൽ ഈ സ്ഥാനങ്ങളിലെത്തുന്നത് കേരളം, തമിഴ്നാട്, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെങ്കിൽ അവർ യുഎന്നിൽ ഹിന്ദി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കാനാകുമോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെങ്കിലും ദേശീയ ഭാഷയല്ല. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സംസാരിക്കുന്നവർ ഇല്ലാത്തതിനാൽ ഹിന്ദി പരിഭാഷയ്ക്കായി പണം ചെലവാക്കുന്നത് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി.

നേപ്പാൾ, ഫിജി, സൂരിനാം, ട്രിനിഡാഡ് ആൻഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദി സംസാരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനുള്ള സുഷമയുടെ മറുപടി. ഇന്ത്യയിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കരുതുന്നതെങ്കിൽ അത് തരൂരിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നതെന്നും സുഷമ ചൂണ്ടിക്കാട്ടി.

യുഎന്നിൽ ഹിന്ദിക്ക് ചെലവേറും!

ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഇന്ത്യ. എന്നാൽ, ഇത് ചെലവേറിയ ഏർപ്പാടാണ്. മാത്രമല്ല, ഇതിന് മൂന്നിൽ രണ്ട് അംഗരാജ്യങ്ങളുടെയും പിന്തുണയും ആവശ്യമാണ്. ആകെയുള്ള 193 അംഗങ്ങളിൽ 129 പേരുടെയും പിന്തുണ വേണമെന്ന് ചുരുക്കം. ഈ പിന്തുണ സമാഹരിക്കാനുള്ള ചർച്ചകളിലാണ് രാജ്യമെന്നാണ് സുഷമ സഭയെ അറിയിച്ചത്.

എന്നാൽ, ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കിയാൽ മറ്റു രാജ്യങ്ങൾക്കും ചെലവേറുമെന്നതാണ് പ്രധാന പ്രശ്നം. യുഎന്നിലെ പ്രസംഗങ്ങളും യുഎൻ രേഖകളുമെല്ലാം ഔദ്യോഗിക ഭാഷകളിൽ ലഭ്യമാക്കണമെന്നാണ് ചട്ടം. നിലവിൽ ആറ് ഭാഷകളാണ് യുഎൻ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, ചൈനീസ്, അറബി, റഷ്യൻ, സ്പാനിഷ്, ഫ്രഞ്ച് എന്നിവ.

ഒരംഗം ഏതെങ്കിലും ഔദ്യോഗിക ഭാഷയിൽ പ്രസംഗിക്കുമ്പോൾ തൽസമയം മറ്റ് അഞ്ച് ഔദ്യോഗിക ഭാഷകളിലും അതിന്റെ പരിഭാഷ ലഭ്യമാക്കുന്നുണ്ട്. ഇതിനായി നൂറു കണക്കിന് ഭാഷാ വിദഗ്ധരാണ് യുഎന്നിന്റെ വിവിധ ഓഫിസുകളിൽ പ്രവർത്തിക്കുന്നത്. ഏതെങ്കിലും അംഗം അനൗദ്യോഗിക ഭാഷയിൽ സംസാരിച്ചാൽ ഏതെങ്കിലുമൊരു ഔദ്യോഗിക ഭാഷയിലുള്ള തർജമയും ഇതിനൊപ്പം നൽകണം. അതുകൊണ്ടുതന്നെ പുതിയൊരു ഭാഷ കൂടി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കിയാൽ ചെലവും അതിനനുസരിച്ച് കൂടും. ഈ ചെലവ് എല്ലാ അംഗരാജ്യങ്ങളും കൂടിയാണ് വഹിക്കേണ്ടത്.

എന്നാൽ, ചെറിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ ചെലവ് താങ്ങുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് അവരുടെ പിന്തുണ സമാഹരിക്കുന്നതും കഠിനമാണ്. ഈ പ്രായോഗിക ബുദ്ധിമുട്ട് സുഷമ സഭയെ അറിയിക്കുകയും ചെയ്തു. എങ്കിലും, ഹിന്ദിയെ ‘യുഎന്നിലെത്തിക്കാനുള്ള’ ശ്രമങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബിജെപി അംഗം ആവശ്യപ്പെട്ടപ്പോൾ, ‘400 കോടി ചെലവാക്കാനും തയാർ’ എന്നായിരുന്നു സുഷമയുടെ പ്രതികരണം. ഇതിനു പിന്നാലെയായിരുന്നു തരൂരിന്റെ ഇടപെടൽ.

related stories