Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മാസത്തേക്ക് ശസ്ത്രക്രിയയില്ല; എൻഎച്ച്എസ് പ്രതിസന്ധിക്ക് മാപ്പപേക്ഷിച്ച് മന്ത്രി

doctors

ലണ്ടൻ∙ ശൈത്യകാല ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ (വിന്റർ പ്രഷർ) താങ്ങാനാകാതെ ശസ്ത്രക്രിയകളും ഒപി പ്രവർ‌ത്തനവും ഒരു മാസത്തേക്ക് നീട്ടിവച്ച എൻഎച്ച്എസിന്റെ നടപടി അരലക്ഷത്തിലേറെ രോഗികളെ ദുരിതക്കയത്തിലാക്കി. ഏറെ നാളായി കാത്തിരുന്നു കിട്ടിയ ശസ്ത്രക്രിയാ തീയതികൾ പൊടുന്നനെ റദ്ദാക്കിയതറിഞ്ഞ് പലരും ആശങ്കയിലായി. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ശസ്ത്രക്രിയകളും മറ്റും മാറ്റിവയ്ക്കേണ്ടിവന്നതിൽ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് രോഗികളോടും പൊതുജനങ്ങളോടും മാപ്പപേക്ഷയുമായി രംഗത്തെത്തി.

മഞ്ഞുകാല രോഗങ്ങളും മദ്യപന്മാരുടെ അതിപ്രസരവും താങ്ങാനാവാതെ ബ്രിട്ടണിലെ എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയതോടെയാണ് ഒരു മാസത്തേക്ക് എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചത്. അപകട, അത്യാഹിത വകുപ്പുകളിൽ ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് എട്ടും പത്തും മണിക്കൂറുകളായി നീളുന്ന അവസ്ഥയാണിപ്പോൾ. കിടത്തി ചികിൽസിക്കാനുള്ള സംവിധാനങ്ങൾ അപര്യാപ്തമായതോടെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകളെല്ലാം ഒരു മാസത്തേക്ക് റദ്ദാക്കിയതായും ഔട്ട് പേഷ്യന്റ് ചികിൽസ നീട്ടിവച്ചതായും എൻഎച്ച്എസ് അറിയിക്കുകയായിരുന്നു.

ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമാകും കിടത്തിചികിൽസ. ജനുവരി 31 വരെയുള്ള ഓപ്പറേഷനുകളാണ് മാറ്റിവച്ചത്. അതുവരെ ജീവൻ രക്ഷിക്കാൻ അനിവാര്യമായ അടിയന്തര ശസ്ത്രക്രിയകളും കാൻസർ സർജറികൾ പോലെ ഒഴിച്ചുകൂടാനാകാത്തവയും മാത്രമാകും ചെയ്യുക. എൻഎച്ച്എസിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം.

എൻഎച്ച്എസിന്റെ ദുരവസ്ഥയെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എന്നാൽ ആരോഗ്യരംഗം താറുമാറായെന്നും പ്രതിസന്ധിയിലായെന്നുമുള്ള വിമർശനത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. എല്ലാ വർഷത്തേക്കാളും മെച്ചപ്പെട്ട മുന്നൊരുക്കത്തോടെയാണ് ഈ മഞ്ഞുകാലത്തെ നേരിടാൻ സർക്കാർ തയാറെടുത്തതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ 1990നു ശേഷം ഇത്ര മോശപ്പെട്ട അവസ്ഥ എൻഎച്ച്എസിന് ആദ്യമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ഇതിനിടെ, രാജ്യാന്തര മാധ്യമങ്ങളും ബ്രിട്ടനിലെ ആരോഗ്യരംഗത്തെ പാളിച്ചകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ അംഗീകാരം നേടിയ എൻഎച്ച്എസിന്റെ പ്രവർത്തനം മൂന്നാം ലോക രാഷ്ട്രങ്ങളിലെ സംവിധാനങ്ങളിലേക്കാൾ മോശമാണെന്ന വിമർശനം ഉയർത്തിയാണ് ലോകമാധ്യമങ്ങൾ ബ്രിട്ടിഷ് സർക്കാരിന്റെ വീഴ്ചയെ തുറന്നുകാട്ടിയത്.