Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയുമായി സമനില (2–2); ബ്ലാസ്റ്റേഴ്സിന്റെ വഴിയെ ജംഷഡ്പുരും

JFC-Vs-MCFC മുംബൈ സിറ്റി എഫ്സിക്കെതിരെ ഗോള്‍ നേടിയ ജംഷഡ്പുർ എഫ്സി താരങ്ങളുടെ ആഹ്ലാദം. ചിത്രം: ഐഎസ്എൽ

ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ‘സമനില പ്രേമ’ത്തിന് വെല്ലുവിളിയുമായി ജംഷഡ്പുർ എഫ്സിയും. വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരായ മൽസരത്തിലും ജംഷഡ്പുർ എഫ്സി സമനില വഴങ്ങി. ആദ്യ പകുതിയിൽ 2–1ന് മുന്നിലായിരുന്ന ജംഷഡ്പുരിനെ രണ്ടാം പകുതിയിലാണ് മുംബൈ സമനിലയിൽ തളച്ചത്. ജംഷഡ്പുരിനായി നൈജീരിയൻ താരം ഇസു അസാക്കയും (43, 45+1) മുംബൈയ്ക്കായി ബ്രസീലിയൻ താരം തിയാഗോ സാന്റോസും (24, 71) ഇരട്ടഗോൾ നേടി.

ഇതോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 14 പോയിന്റുമായി മുംബൈ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം കൂടി കയറി നാലാമതെത്തി. എട്ടു മൽസരങ്ങളിൽനിന്ന് 10 പോയിന്റുള്ള ജംഷഡ്പുർ എഫ്സിയാകട്ടെ ആറാം സ്ഥാനത്ത് തുടരുന്നു. ഈ സീസണിൽ ജംഷഡ്പുരിന്റെ നാലാം സമനിലയാണിത്. എട്ടു മൽസരങ്ങളിൽനിന്ന് അഞ്ച് സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഇക്കാര്യത്തിൽ ജംഷഡ്പുരിന് മുന്നിലുള്ളത്.