Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്ക് തന്നെ ഭയം; പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്ന് മേവാനി

Jignesh Mevani

ന്യൂഡൽഹി∙ മുംബൈയിൽ റാലിയിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ദലിത് നേതാവ് ജിഗ്‍നേഷ് മേവാനി. മഹാരാഷ്ട്രയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് മേവാനി ആവശ്യപ്പെട്ടു. ‘പുണെയിൽ സംസാരിച്ചതിൽ ഒരു വാക്കുപോലും പ്രകോപനപരമല്ല. പ്രസംഗത്തിലെ ഒരു ഭാഗത്തിലും അത്തരത്തിലുള്ള പ്രയോഗങ്ങളില്ല. എങ്കിലും എന്നെ ലക്ഷ്യം വയ്ക്കുകയാണ് ചിലർ ചെയ്യുന്നത്’ – മേവാനി പറഞ്ഞു.

‘ജനങ്ങൾ അവരുടെ പ്രതിനിധിയായാണ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിക്ക് എന്നെ ഭയമാണ്. ജാതിരഹിതമായ ഒരു ഇന്ത്യയാണ് നമ്മുടെ ആവശ്യം. എന്നാൽ ദലിതർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുമ്പോൾ അതു പ്രതിരോധിക്കാനുള്ള അവകാശം അവർക്കുണ്ടാകില്ലേ. ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷമാണ് സംഘപരിവാറും ബിജെപിയും എനിക്കെതിരെ തിരിയുന്നത്. കരിവാരിത്തേക്കാനുള്ള ബാലിശമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചോർത്ത് ബിജെപിക്ക് നല്ല ഭയമുണ്ട്’ - ജിഗ്‍നേഷ് ന്യൂഡൽഹിയിൽ പറഞ്ഞു.

ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള അക്രമങ്ങൾക്കെതിരെ യുവ അഹങ്കാർ എന്ന പേരില്‍ ഡല്‍ഹിയിൽ റാലി നടത്തുമെന്നും ജിഗ്‍നേഷ് അറിയിച്ചു. ഭീമ -കൊറേഗാവ് യുദ്ധത്തിന്റെ 200–ാം വാർഷിക ദിനത്തിൽ പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരിൽ ജിഗ്‍നേഷിനും ജെഎൻയു നേതാവ് ഉമർ ഖാലിദിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും ദലിത് പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.