Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരിശുമലയാത്രാ സംഘര്‍ഷം വിതുരയിലും; വിശ്വാസികളും പൊലീസും ഏറ്റുമുട്ടി

Bonacaud-Kurisumala

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചുള്ള ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. വിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തി വീശിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. കുരിശുമല യാത്ര പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് വിതുരയിൽ വിശ്വാസികൾ റോഡ് ഉപരോധിച്ചു. ഇവർക്കുനേരെയും പൊലീസ് ലാത്തി വീശിയത് സംഘർഷം വർധിക്കാനിടയാക്കി. സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റു.

അതേസമയം, പ്രശ്നത്തിൽ ഇടപെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശേഖരനും രംഗത്തെത്തി. ആയിരക്കണക്കിന് ആളുകളാണ് കുരിശുമല സന്ദര്‍ശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, പ്രതിഷേധക്കാർ പൊലീസിനെ കല്ലെറിഞ്ഞതായി ആക്ഷേപമുണ്ട്. കല്ലേറിൽ കെഎസ്ആർടിസി ബസിന്റെ ചില്ലു തകർന്നു.

പ്രതിഷേധക്കാരെ പൊലീസ് നേരിട്ടതോടെ വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ചിതറിയോടി. നിരവധിപേര്‍ക്ക് പരുക്കേറ്റു. മൂന്നു വൈദികരുള്‍പ്പെടെ ഒൻപതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയില്‍ കുറച്ചുപേരെ കുരിശുമലയിലേക്ക് പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും വിശ്വാസികള്‍ അംഗീകരിച്ചില്ല. ഇതോടെ വിശ്വാസികളും പൊലീസും രണ്ടു ഭാഗങ്ങളിലായി നിലയുറപ്പിക്കുകയായിരുന്നു.

കുരിശുമലയിലെ വനഭൂമിയില്‍ 60 വര്‍ഷം മുൻപ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. ഇതേത്തുടര്‍ന്ന് ഇങ്ങോട്ടുള്ള സന്ദര്‍ശനവും വനംവകുപ്പ് വിലക്കിയിരുന്നു. വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ കുരിശുമലയാത്ര നടത്താറുണ്ട്. അതേസമയം ബോണക്കാട്ടു നടന്ന സംഘർഷത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നു ഡിജിപി ലോക്നാഥ് ബഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.

ഇതിനിടെ ബോണക്കാട് സംഘര്‍ഷം പരിഹരിക്കാന്‍ സമവായശ്രമവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ബോണക്കാടെത്തിയ അദ്ദേഹം വനം മന്ത്രിയുമായും സഭാ നേതൃത്വവുമായും സംസാരിച്ചു. 50 പേരെ വീതം കുരിശുമലയിലേക്ക് കടത്തിവിടാമെന്ന് വനംമന്ത്രി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.

കുരിശുമലയാത്രയ്ക്ക് അനുമതി തേടിയില്ല: സമരക്കാരെ തള്ളി മന്ത്രി

അതേസമയം, ബോണക്കാട് കുരിശുമലയാത്രയുടെ അനുമതിക്കായി ആരും സമീപിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു വ്യക്തമാക്കി. എല്ലാവരേയും ഒരുമിച്ച് വനത്തില്‍ പ്രവേശിപ്പിക്കാനാവില്ല. ചെറിയ ബാച്ചുകളായി പ്രവേശിപ്പിക്കാമെങ്കിലും സ്ഥിരമായി തുടരാന്‍ കഴിയില്ലെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു.