Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ നിലപാട് ചൈന–പാക്ക് ബന്ധത്തെ സഹായിക്കുന്നു: ചൈനീസ് മാധ്യമങ്ങൾ

China Pakistan

ബെയ്ജിങ്∙ പാക്കിസ്ഥാനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അടുപ്പം വർധിപ്പിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ‌. പുതുവർഷത്തിൽ ട്വിറ്ററിലൂടെയാണ് ട്രംപ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. 15 വർഷത്തിനിടെ 3300 കോടി ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാനിൽനിന്നു തിരികെ ലഭിച്ചതു നുണയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം.

ഇന്ത്യയുമായുള്ള അടുത്ത ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാനെതിരെ ആരോപണങ്ങളുന്നയിക്കുന്നതിന്റെ കാരണമതാണെന്നും ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് പറയുന്നു. ട്രംപിന്റെ ട്വീറ്റ് വന്നതിനു പിന്നാലെ തന്നെ ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക ഇടപാടുകളിലും ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ അറിയിച്ചിരുന്നു. പൊതു, സ്വകാര്യ മേഖലകളിലുള്ളവർക്ക് യുവാൻ ഉപയോഗിക്കുന്ന കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അവർ അറിയിച്ചിരുന്നു.

ഇത്തരത്തിൽ ചൈനയ്ക്ക് സ്വാഭാവിക പിന്തുണ നൽകുന്നതിലൂടെ പാക്കിസ്ഥാൻ നിലപാടു തുറന്നു സമ്മതിക്കുകയാണെന്നാണു വിലയിരുത്തൽ. ചൈനയുമായി പാക്കിസ്ഥാനു നല്ല ബന്ധമുണ്ടെന്നും അത് ഇനിയും മെച്ചപ്പെടുത്താമെന്നും ഫിനാൻസ് ആൻഡ് സെക്യൂരിറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോങ് ഡെങ്സിൻ പറഞ്ഞു. സമുദ്ര സുരക്ഷയ്ക്ക് ആക്കം കൂട്ടുന്ന തരത്തിൽ ഒരു രാജ്യാന്തര സൈനിക ക്യാംപ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചൈനയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തുകയാണെന്നും ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.