Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഡിപി വളർച്ചാനിരക്ക് വീണ്ടും താഴേക്ക്; 2017–18ൽ പോയിന്റ് ആറ് ശതമാനം കുറയും

GDP

ന്യൂഡൽഹി ∙ 2017–18 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപാദന വളർച്ച (ജിഡിപി) .6% കുറയുമെന്നു സർക്കാർ വിലയിരുത്തൽ. മുൻ വർഷം 7.1 ശതമാനമായിരുന്ന വളർച്ച 6.5 ശതമാനമായാണു ചുരുങ്ങുക. 2014 മേയിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം ആഭ്യന്തര ഉൽപാദന വളർച്ചയിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചീഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (സിഎസ്ഒ) ആണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്.

2016 നവംബർ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെയും കഴിഞ്ഞ വർഷം നടപ്പാക്കിയ ചരക്ക്, സേവന നികുതിയുടെയും സ്വാധീനമാണ് വളർച്ചാനിരക്ക് കുറയാൻ കാരണമായതെന്നാണ് അനുമാനം. 

കാർഷിക, നിർമാണ മേഖലകളാണു മുഖ്യമായും വളർച്ചാ മാന്ദ്യത്തിനു വഴിവയ്ക്കുന്നത്. 2017–18 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 2.1 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തുക. മുൻ വർഷത്തെ വളർച്ചാ നിരക്കായ 4.9നെ അപേക്ഷിച്ച് ഏറെ പിന്നിലാണിത്. കഴിഞ്ഞ വർഷം 7.9 ശതമാനം വളർച്ചാ നിരക്കു രേഖപ്പെടുത്തിയ നിർമാണ മേഖലയിൽ ഈ വർഷം 4.6 ശതമാനം വളർച്ചാനിരക്കേ പ്രതീക്ഷിക്കുന്നുള്ളൂ.

ഊർജ, ഹോട്ടൽ മേഖലകളാണ് ഇക്കാലയളവിൽ കാര്യമായ വളർച്ചാനിരക്കുമായി ശ്രദ്ധ നേടുന്ന രണ്ടു മേഖലകൾ. ഈ മേഖലകളിൽ യഥാക്രമം 7.5, 8.7 ശതമാനം എന്നിങ്ങനെയാണ് വളർച്ചാനിരക്ക് പ്രതീക്ഷിക്കുന്നത്.

related stories