Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിപ്പട = ചീട്ടുകൊട്ടാരം; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 72 റൺസ് തോൽവി

Cricket വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ.

കേപ്ടൗൺ ∙ പന്തുകൾ തീയുണ്ടകളായി മൂളിപ്പറന്ന കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ പുകൾപെറ്റ ഇന്ത്യൻ ബാറ്റിങ് നിര അക്ഷരാർഥത്തിൽ ചീട്ടുകൊട്ടാരമായി. ബാറ്റിങ്ങിൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ ചൂളിപ്പോയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ, പന്ത് കയ്യിലെടുത്തപ്പോൾ സംഹാരരൂപികളുമായി. ഫലം, അസാമാന്യ വിജയങ്ങളുമായി സമകാലീന ക്രിക്കറ്റ് ലോകത്ത് വിസ്മയം തീർത്ത കോഹ്‍‌ലിപ്പട, വിജയങ്ങളുടെ മാറ്റ് പരീക്ഷിക്കപ്പെട്ട ആദ്യ ‘ടെസ്റ്റി’ൽത്തന്നെ ക്ലീനായി തോറ്റു. കടലാസിലെ കരുത്ത് നാട്ടിൽ മറന്നുവച്ചിട്ടു പോന്ന ഇന്ത്യയെ 72 റൺസിനാണ് ദക്ഷിണാഫ്രിക്ക കെട്ടുകെട്ടിച്ചത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1–0ന് മുന്നിലെത്തി.

രണ്ടാം ഇന്നിങ്സിൽ ആതിഥേയരെ 130 റൺസിൽ ഒതുക്കി 208 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പ്രതീക്ഷ നൽകിയെങ്കിലും, ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ കൂട്ടത്തോടെയുള്ള പേസ് ആക്രമത്തിനു മുന്നിൽ മുട്ടിടിച്ചുവീഴുകയായിരുന്നു. മഴമൂലം ഒരു ദിവസത്തെ കളി പൂർണമായും നഷ്ടമായ മൽസരത്തിൽ ദക്ഷിണാഫ്രിക്ക വിജയം കൊത്തി പറക്കുമ്പോൾ, ഒരു ദിവസത്തെ കളി അപ്പോഴും ബാക്കി! നാലാം ദിനം മാത്രം വീണത് 18 വിക്കറ്റുകളാണെന്നത് പിച്ചിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ഇനി ജനുവരി 13 മുതൽ സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിൽ ഇന്ത്യയെ കാത്ത് പരമ്പരയിലെ രണ്ടാം പരീക്ഷണം.

സ്കോർ: ദക്ഷിണാഫ്രിക്ക 286 & 130 ഇന്ത്യ, 209 & 135

37 റൺസെടുത്ത രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ ആറു വിക്കറ്റ് വീഴ്ത്തി. മോർക്കൽ, റബാഡ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. 208 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാർ 30 റൺസ് കൂട്ടുകെട്ടു തീർത്തതോടെ ഒരു ഘട്ടത്തിൽ ഇന്ത്യൻ ആരാധകരിൽ പ്രതീക്ഷ ജനിച്ചതാണ്. 10 വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് 178 റൺസ് മാത്രം മതിയെന്നിരിക്കെ ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. എട്ടാം വിക്കറ്റിൽ അശ്വിൻ–ഭുവനേശ്വർ സഖ്യം 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയം വൈകിപ്പിക്കാനെ അതുപകരിച്ചുള്ളൂ.

അപകടകാരിയായി വളർന്ന ശിഖർ ധവാനെ മടക്കി മോണി മോർക്കൽ സൃഷ്ടിച്ച വിടവിലൂടെ നൂഴ്ന്നു കയറിയ റബാഡയും ഫിലാൻഡറും ചേർന്ന് ഇന്ത്യൻ ബാറ്റിങ് നിരയെ കശക്കിയെറിയുമ്പോൾ നാട്ടിലെ റെക്കോർഡുകൾ ഇന്ത്യയെ നോക്കി പല്ലിളിച്ചിട്ടുണ്ടാകും. മുരളി വിജയ് (32 പന്തിൽ 13), ശിഖർ ധവാൻ (20 പന്തിൽ 16), ചേതേശ്വർ പൂജാര (13 പന്തിൽ നാല്), രോഹിത് ശർമ (30 പന്തിൽ 10), വൃദ്ധിമാൻ സാഹ (19 പന്തിൽ എട്ട്), ഹാർദിക് പാണ്ഡ്യ (അഞ്ച് പന്തിൽ ഒന്ന്), മുഹമ്മദ് ഷാമി (നാല്), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിങ്ങനെയാണ് രണ്ടാം ഇന്നിങ്സിൽ മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ഭുവനേശ്വർ കുമാർ 13 റൺസുമായി പുറത്താകാതെ നിന്നു.

എറിഞ്ഞൊതുക്കി ഇന്ത്യൻ ബോളർമാർ

നേരത്തെ, നാലാം ദിനം ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യൻ ബോളർമാർ ടീമിനുമുന്നിൽ വിജയത്തിലേക്കുള്ള വാതിൽ തുറന്നിട്ടു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 130 റൺസിന് പുറത്താക്കിയ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 208 റൺസ്. നാലാം ദിനം വെറും 65 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അവസാന എട്ടു വിക്കറ്റുകൾ നഷ്ടമായത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരും രണ്ടു വിക്കറ്റ് വീതം പിഴുത ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവരുമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിൽ ഒതുക്കിയത്. 35 റൺസെടുത്ത ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ഹാഷിം അംല, കഗീസോ റബാഡ, ഫാഫ് ഡുപ്ലേസി, ക്വിന്റൺ ഡികോക്ക്, വെർനോൺ ഫിലാൻഡർ, കേശവ് മഹാരാജ്, മോണി മോർക്കൽ, എ.ബി. ഡിവില്ലിയേഴ്സ് എന്നിവരാണ് ഇന്ന് പുറത്തായത്. അംലയെയും റബാഡയെയും പുറത്താക്കിയ മുഹമ്മദ് ഷാമിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പിന്നാലെ ഡുപ്ലേസി, ഡികോക്ക് എന്നിവരെ മടക്കി ജസ്പ്രീത് ബുമ്രയും കരുത്തുകാട്ടി. കേശവ് മഹാരാജ്, മോണി മോർക്കൽ എന്നിവരെ പുറത്താക്കിയ ഭുവനേശ്വർ കുമാർ വാലറ്റം തുടച്ചുനീക്കിയപ്പോൾ, പൊരുതിനിന്ന ഡിവില്ലിയേഴ്സിനെ മടക്കി ബുമ്ര ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് തിരശീലയിട്ടു.

ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ നാല് പേസ് ബോളർമാരും വിക്കറ്റ് നേട്ടത്തിൽ പങ്കാളിയാകുന്നതും ഈ മൽസരത്തിൽ കണ്ടു. മൽസരത്തിലാകെ 10 ക്യാച്ച് സ്വന്തമാക്കിയ വൃദ്ധിമാൻ സാഹ ഒരു ടെസ്റ്റിൽ കൂടുതൽ പുറത്താക്കലുകളുടെ എണ്ണത്തിൽ രണ്ടാമതെത്തി.

15 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ നാല് റൺസെടുത്ത ഹാഷിം അംലയെ രോഹിത് ശർമയുടെ കൈകളിലെത്തിച്ചാണ് ഷാമി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 33 പന്തിൽ അഞ്ചു റൺസെടുത്ത റബാഡയെയും പുറത്താക്കി ഷാമി വീണ്ടും ആഞ്ഞടിച്ചതോടെ, ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ ആദ്യ ഇന്നിങ്സിൽ താങ്ങിനിർത്തിയ ഡുപ്ലേസി–ഡിവില്ലിയേഴ്സ് സഖ്യത്തിലായി.

എന്നാൽ, സ്കോർ 82ൽ നിൽക്കെ ഫാഫ് ഡുപ്ലേസിയെയും 10 റൺസിന്റെ ഇടവേളയ്ക്കുശേഷം ക്വിന്റൺ ഡികോക്കിനെയും പുറത്താക്കി ബുമ്ര ദക്ഷിണാഫ്രിക്കയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിട്ടു. അഞ്ചു പന്തിൽ റണ്ണൊന്നുമെടുക്കാതെ ഡുപ്ലേസിയും ഒൻപതു പന്തിൽ രണ്ടു ബൗണ്ടറികളോടെ എട്ടു റൺെസടുത്ത് ഡികോക്കും വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് സമ്മാനിച്ചു. ഫിലാൻഡർ (0), കേശവ് മഹാരാജ് (15), മോണി മോർക്കൽ (2) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. സ്റ്റെയിൻ (0) പുറത്താകാതെ നിന്നു.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 209 റൺസിന് പുറത്താക്കി 77 റൺസിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്ക, രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റിന് 65 റൺസ് എന്ന നിലയിലായിരുന്നു. ഹാഷിം അംല (നാല്), കഗീസോ റബാഡ (രണ്ട്) എന്നിവരായിരുന്നു ക്രീസിൽ. ഇതിനു പിന്നാലെയാണ് മൂന്നാം ദിവസത്തെ കളി പൂർണമായും മഴയിൽ ഒലിച്ചുപോയത്.

രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച എയ്ഡൻ മർക്രം (34), ഡീൻ എൽഗാർ (25) എന്നിവരാണ് ശനിയാഴ്ച പുറത്തായത്. ഹാർദിക് പാണ്ഡ്യയാണ് ഇരുവരെയും പുറത്താക്കിയത്. 43 പന്തിൽ ഏഴു ബൗണ്ടറികളോടെ 34 റൺസെടുത്ത മർക്രത്തെ ഭുവനേശ്വർ കുമാറിന്റെ കൈകളിലെത്തിച്ച പാണ്ഡ്യ, 54 പന്തിൽ നാലു ബൗണ്ടറികളോടെ 25 റൺസെടുത്ത എൽഗാറിനെയും മടക്കി. ഇന്ത്യയ്ക്കായി 93 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ, ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ഇന്ന് നഷ്ടമായ രണ്ടു വിക്കറ്റും സ്വന്തം പേരിലെഴുതി മികച്ച പ്രകടനം നടത്തി.

ബാറ്റിങ്ങിലും തിളങ്ങി പാണ്ഡ്യ

നേരത്തെ, ദക്ഷിണാഫ്രിക്കയ്ക്ക് 77 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ച് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 209 റൺസിന് പുറത്തായിരുന്നു. 93 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടപ്പെട്ട കൂട്ടത്തകർച്ച നേരിട്ട ഇന്ത്യയെ എട്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടുകെട്ടു തീർത്ത ഹാർദിക് പാണ്ഡ്യ–ഭുവനേശ്വർ കുമാർ സഖ്യമാണ് 200 കടത്തിയത്.

അർഹിച്ച സെഞ്ചുറിക്ക് ഏഴു റൺസകലെ ഹാർദിക് പാണ്ഡ്യ പുറത്തായതാണ് രണ്ടാം ദിനം ഇന്ത്യയെ നിരാശപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി വെർനോൺ ഫിലാ‍ൻഡർ, കഗീസോ റബാഡ എന്നിവർ മൂന്നും ഡെയ്‌ൽ സ്റ്റെയിൻ, മോണി മോർക്കൽ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 286 റൺസിന് പുറത്തായിരുന്നു.

related stories