Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ് ബന്ധമുള്ള ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകാത്തതിനെതിരെ കുമ്മനം

Kummanam Rajasekharan

തിരുവനന്തപുരം ∙ യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ' 21 മന്ത്സ് ഓഫ് ഹെൽ ' എന്ന ഡോക്യുമെന്ററിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസമായ അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആർഎസ്എസ് പ്രവർത്തകരെപ്പറ്റിയാണ് ഡോക്യുമെന്‍ററി എന്നതു മാത്രമാണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്നും കുമ്മനം പറഞ്ഞു.

ഡോക്യുമെന്‍ററിയിൽ ചിത്രീകരിച്ച പോലെ അടിയന്തരാവസ്ഥയിൽ അതിക്രമങ്ങൾ നടന്നിട്ടില്ലെന്നാണ് സെൻസർ ബോർഡിന്‍റെ കണ്ടെത്തൽ. ആർഎസ്എസിനെ നായക സ്ഥാനത്ത് നിർത്തുന്ന ഡോക്യുമെന്‍ററിക്ക് അനുമതി നൽകാനാവില്ലെന്നാണ് കേരളത്തിലെ സെൻസർ ബോർഡ് ഡയറക്ടറുടെയും ചില അംഗങ്ങളുടേയും നിലപാട്. മോദിക്കാലത്ത് ആർഎസ്എസിനെ എതിർക്കുന്നവരെയെല്ലാം നിശ്ശബ്ദരാക്കുന്നു എന്ന പ്രചാരണത്തിനിടെയാണ് ഇതെന്നതാണ് കൗതുകകരം. യദുവിനെ പിന്തുണയ്ക്കാൻ അസഹിഷ്ണുതാവാദികൾ ആരും രംഗത്തെത്താഞ്ഞത് ആർഎസ്എസിനെ അനുകൂലിച്ചു എന്ന ഒറ്റക്കാരണം കൊണ്ടെന്ന് വ്യക്തം. 

എന്തു കൊണ്ട് അനുമതി നിഷേധിച്ചു എന്ന സംവിധായകന്‍റെ ചോദ്യത്തോടു പോലും ഇതുവരെ അധികാരികള്‍ പ്രതികരിച്ചിട്ടില്ല. ഇതാണ് അസഹിഷ്ണുത. ഫാസിസത്തിനെതിരായ യദുവിന്‍റെ പോരാട്ടത്തിനു ബിജെപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി എന്ന കാരണത്താലാണ് ഇതിന് അനുമതി നിഷേധിക്കപ്പെട്ടതെങ്കിൽ എന്താകുമായിരുന്നു പുകിൽ എന്ന് ആലോചിക്കണം. അസഹിഷ്ണുത എന്നത് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കെതിരെ മാത്രം പ്രയോഗിക്കാനുള്ള ആയുധമാണെന്ന് മൗനത്തിലൂടെ മാധ്യമങ്ങളും സമ്മതിക്കുകയാണ്. സിലക്ടീവ് അസഹിഷ്ണുതാവാദികളാണ് കേരളത്തിലുള്ളത്. അവരുടെ ദൃഷ്ടിയിൽ പെടണമെങ്കിൽ രാജ്യദ്രോഹികളോ ആര്‍എസ്എസ് വിരുദ്ധരോ ആകണമെന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.