Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസ് തീർപ്പാക്കാമെന്ന ഹർജി പിൻവലിച്ചു; ശശീന്ദ്രന്റെ മന്ത്രിസ്ഥാനം പ്രതിസന്ധിയിൽ

AK Sasindran

കൊച്ചി ∙ ഫോൺ കെണി വിവാദത്തിൽ മുൻമന്ത്രി എ.കെ.ശശീന്ദ്രനു തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയിരുന്ന ഹർജി പിൻവലിച്ചു. ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റുന്നതിനു തൊട്ടുമുൻപാണ് നീക്കം. കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ കക്ഷി ചേർന്നവരും ആവശ്യപ്പെട്ടിരുന്നു. ഹർജി പിൻവലിച്ചതോടെ, മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ മടങ്ങിവരവ് വീണ്ടും പ്രതിസന്ധിയിലായി.

വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കിയാൽ വിചാരണ വേളയിൽ കേസു തന്നെ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരെടുത്തിരുന്ന നിലപാട്. കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പായെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവർത്തക ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ഹർജി പിൻവലിച്ചതിനെപ്പറ്റി അറിയില്ലെന്ന് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. മന്ത്രിസ്ഥാനവും ഹർജി പിൻവലിച്ചതും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയായിരിക്കെ ശശീന്ദ്രൻ 2016 നവംബർ എട്ടിനു ചാനൽ പ്രവർത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് മന്ത്രിക്കെതിരായ പരാതി.

related stories