Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹളംവച്ച് സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യമല്ല: വെങ്കയ്യ നായിഡു

Venkaiah Naidu

ന്യൂഡൽഹി ∙ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് തുടർച്ചയായി രാജ്യസഭയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന അംഗങ്ങൾ അതേക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന എംപിമാരോട് ആത്മപരിശോധന നടത്താൻ രാജ്യസഭാ അധ്യക്ഷൻ ആവശ്യപ്പെട്ടത്. രാജ്യസഭയുടെ വിലയേറിയ 34 മണിക്കൂറുകളാണ് തുടർച്ചയായുള്ള പ്രതിപക്ഷ ബഹളം മൂലം നഷ്ടമായതെന്നും നായിഡു ചൂണ്ടിക്കാട്ടി.

ഒട്ടേറെ ഉയർച്ചതാഴ്ചകൾ കണ്ട സമ്മേളനമാണ് അവസാനിക്കുന്നതെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പട്ടു. അതേസമയം, തുടർച്ചയായുള്ള ബഹളം മൂലം പാർലമെന്റിന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയ ചില അംഗങ്ങളുടെ നടപടി സഭയുടെ അന്തസ്സിന് മങ്ങലേൽപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരു പരിധിവരെ ഈ സഭ ചുമതലകൾ നിറവേറ്റിയിട്ടുണ്ടെങ്കിലും, തുടർച്ചയായ ബഹളം മൂലം വിലയേറിയ പ്രവർത്തന സമയം നഷ്ടപ്പെടുത്തിയത് ആളുകൾക്കിടയിൽ പാർലമെന്റിന്റെ വിലയിടിക്കുന്നതിന് കാരണമായി. ക്രിയാത്മകമായ ചോദ്യങ്ങളും അതിൻമേലുള്ള സംവാദങ്ങളുമാണ് ജനാധിപത്യ ക്രമത്തിൽ സഭയുടെ പ്രവർത്തനരീതി. ഇത്തരം ബഹളങ്ങളും സഭാനടപടികൾ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളും ഉറപ്പായും ജനാധിപത്യത്തിന്റെ മാർഗമല്ല. ഇക്കാര്യത്തിൽ എല്ലാ അംഗങ്ങളും പുനർവിചിന്തനം നടത്തണമെന്നും നായിഡു ആവശ്യപ്പെട്ടു.

താൻ ഉപരാഷ്ട്രപതി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ സമ്മേളനമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചുകൂടി മികച്ച രീതിയിൽ ഈ സമ്മേളനം നടക്കേണ്ടതായിരുന്നുവെന്നും നായിഡു അഭിപ്രായപ്പെട്ടു. പാർലമെന്റ് ഒരു രാഷ്ട്രീയ സ്ഥാപനമാണെങ്കിലും രാഷ്ട്രീയം അതിന്റെ ഇന്നത്തെ അർഥത്തിൽ ഇവിടെ പുറത്തെടുക്കുന്നത് ശരിയല്ലെന്നും നായിഡു പറഞ്ഞു. പാർട്ടികൾക്കിടയിലുള്ള വൈരവും തർക്കവും പുറത്തെടുക്കാനുള്ള വേദിയായി ഇതിനെ കാണരുതെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

പൗരൻമാരോടുള്ള ധർമം നിറവേറ്റാനുള്ള വേദിയാക്കി പാർലമെന്റിനെ മാറ്റുന്നതിനാണ് പ്രധാന്യം നൽകേണ്ടത്. വളർച്ചയുടെ പാതയിലുള്ള രാജ്യത്തിന് അതിനനുസൃതമായ പിന്തുണ നൽകാൻ പാർലമെന്റിന് സാധിക്കണമെന്നും നായിഡു ചൂണ്ടിക്കാട്ടി.