Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നലിംഗക്കാർക്കെതിരെ ആക്രമണം: പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും

transgenders-Kozhikode പൊലീസുകാരുടെ മർദ്ദനത്തിൽ പരുക്കേറ്റ ഭിന്നലിംഗക്കാർ.

കോഴിക്കോട്∙ നഗരത്തില്‍ ഭിന്നലിംഗക്കാരെ പൊലീസ് ആക്രമിച്ച കേസില്‍ രണ്ടു പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഡിസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ഡിജിപിക്കു കൈമാറിയിട്ടുണ്ട്. പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഭിന്നലിംഗക്കാർക്കെതിരെയും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കസബ എസ്ഐയ്ക്കും ഒരു സിവില്‍ പൊലീസ് ഓഫിസര്‍ക്കുമെതിരെയാണ് നടപടിക്കു നിര്‍ദേശമുള്ളത്. ടൗണ്‍ പൊലീസിന്റെ അന്വേഷണത്തില്‍ പൊലീസുകാര്‍ ഭിന്നലിംഗക്കാരെ മര്‍ദിച്ചതായി തെളിഞ്ഞിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും പൊലീസുകാരുടെ വീഴ്ച ശരിവയ്ക്കുന്നു. ഇവരെ മര്‍ദിക്കുന്നതിനു പകരം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. പിന്നാലെ ഓടി മര്‍ദിച്ചത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരുടെ പേരില്‍ തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

പൊതുനിരത്തില്‍ ലൈംഗികതാല്‍പര്യ പൂര്‍ത്തീകരണത്തിനായി യുവാവിനെ നിര്‍ബന്ധിച്ചതില്‍ ഭിന്നലിംഗക്കാർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ഡിജിപിക്കു ഡിസിപി നേരിട്ട് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസബ എസ്ഐ ഉള്‍പ്പെടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തത്. മര്‍ദിച്ച പൊലീസുകാരെ ഭിന്നലിംഗക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. മിഠായിത്തെരുവിനു സമീപത്ത് കൂടിയുള്ള ഇവരുടെ വരവും പോക്കും രഹസ്യ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് മിഠായിത്തെരുവിന് സമീപം മംമ്ത ജാസ്മിന്‍, സുസ്മിത എന്നീ ഭിന്നലിംഗക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചത്.

related stories