Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് കപ്പൽ സർവീസിനു ശാപമോക്ഷം; കരിപ്പൂർ ഈ വർഷവും ഇല്ല

hajj

ജിദ്ദ∙ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഈ വർഷവും ഹജ് സർവീസ് ഉണ്ടാകില്ല. വലിയ വിമാനങ്ങൾക്കു സർവീസ് നടത്തുന്നതിനു നിലനിൽക്കുന്ന സാങ്കേതിക പ്രതിബന്ധങ്ങളാണു കരിപ്പൂർ വിമാനത്താവളത്തിനു ഹജ് എംബാർക്കേഷൻ കേന്ദ്രമെന്ന പദവി ലഭിക്കാതെ പോകുന്നതിനു കാരണമെന്നു ഹജിന്റെ ചുമതല കൂടിയുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ജിദ്ദയിൽ പറഞ്ഞു. ഓഗസ്റ്റ് രണ്ടാം പകുതിയിൽ അരങ്ങേറുന്ന ഈ വർഷത്തെ വിശുദ്ധ ഹജ് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചശേഷം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി നഖ്‌വി. മക്കയിലെ ആസ്ഥാനത്തു ഞായറാഴ്ച നടന്ന ചടങ്ങിൽ ആതിഥേയ രാജ്യമായ സൗദിയെ പ്രതിനിധീകരിച്ച് ഹജ് - ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സാലിഹ് ബെൻന്തനും കരാറിൽ ഒപ്പുവച്ചു.

കരിപ്പൂർ വിഷയത്തിൽ ഇന്ത്യൻ സിവിൽ വ്യോമയാന മന്ത്രാലയമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നു കേന്ദ്രമന്ത്രി നഖ്‌വി ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്ര ഹജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാര്‍ അതാതു സംസ്ഥാനത്തിന് അനുവദിച്ച വിമാനത്താവളത്തിൽനിന്നു തന്നെ പുറപ്പെടണമെന്നില്ലെന്നും രാജ്യത്തെ ഏതു ഹജ് എംബാര്‍ക്കേഷനുകളും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഹജ് ക്വോട്ട 1,70,025

ഈ വര്‍ഷത്തെ ഹജിൽ പങ്കെടുക്കുന്നതിനു 3,60,000 അപേക്ഷയാണു ലഭിച്ചിട്ടുള്ളതെന്നും സൗദി അനുവദിച്ച ക്വാട്ട മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും 1,70,025 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതില്‍ 1,25,025 ഹാജിമാരാണു കേന്ദ്ര ഹജ് കമ്മിറ്റി മുഖേന പുണ്യനാട്ടിലെത്തുക. 45,000 പേർ സ്വകാര്യ സംഘങ്ങൾ മുഖേനെയും വിശുദ്ധ കർമം നിർവഹിക്കും. ഇന്ത്യയുടെ ഹജ് ക്വാട്ട ഉയര്‍ത്തണമെന്നു സൗദി ഹജ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു സൗദി മന്ത്രി പറഞ്ഞതായും നഖ്‌വി അറിയിച്ചു.

ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികള്‍ യാത്ര പുറപ്പെടുന്നതിനു മുമ്പായി ഇന്ത്യയിലെ വിമാനത്താവളത്തിൽ വച്ചുതന്നെ പൂര്‍ത്തിയാക്കുന്നതിനു സൗദി സര്‍ക്കാര്‍ നടപടി ഏർപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും നഖ്‌വി പറഞ്ഞു. കഴിഞ്ഞ വർഷം ഈ രീതി മലേഷ്യയിൽനിന്നുള്ള തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരുന്നു.

ഹജ് നടപടികൾ ഈ വർഷം പൂർണമായി ഡിജിറ്റൽ ആക്കിയിട്ടുണ്ടെന്നും ഇതു സൗദി അധികൃതരുടെ വലിയ മതിപ്പിന് ഇടയാക്കിയതായും നഖ്‌വി വിവരിച്ചു. ഹജ് പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതു തുടർന്നും കേന്ദ്രമന്ത്രി നഖ്‌വി വിവരിച്ചു.

കപ്പൽ സർവീസിനു പുനരാരംഭം

രണ്ടു ദശകമായി മുടങ്ങികിടന്നിരുന്ന കപ്പൽ സർവീസ് ഹജ് തീർത്ഥാടകർക്കു വേണ്ടി ആരംഭിക്കുന്നതിനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ഊർജിതമാക്കിയതായി മുഖ്താർ നഖ്‌വി പറഞ്ഞു. ഇതിനുള്ള അനുമതി സൗദി അറേബ്യ ഇന്ത്യയ്ക്കു നൽകിയതായി അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്രത്തിന്റെ പുതിയ ഹജ് നയത്തിന്റെ ഭാഗമാണ് ഹജ് കപ്പൽ സർവീസ്. ഹജ് സബ്‌സിഡി നിർത്തലാക്കിയ പശ്ചാത്തലത്തിലാണു കപ്പല്‍ സർവീസുകൾ പുനഃരാരംഭിക്കുന്ന കാര്യം സജീവമായത്. സുപ്രീം കോടതി 2012ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഹജ് തീര്‍ഥാടകരുടെ യാത്രാ ചെലവ് കുറക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചു തുടങ്ങിയത്. ഇതിൽ, പക്ഷേ, വിമാന സർവീസുകൾക്കു വേണ്ടി ആഗോള ടെൻഡറിലൂടെ തീർത്ഥാടകർക്കു മത്സരാധിഷ്ഠിത നിരക്കു മെച്ചം സാധ്യമാക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ തികഞ്ഞ മൗനം പാലിക്കുകയാണ്.

കേന്ദ്രമന്ത്രി നഖ്‌വി ഞായറാഴ്ച സൗദിയിൽനിന്നു മടങ്ങി. കരാർ ഒപ്പിടൽ ചടങ്ങിനു മുമ്പായി അദ്ദേഹം ഉംറ നിർവഹിച്ചിരുന്നു. പത്രസമ്മേളനത്തില്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, പാര്‍ലമെന്റ് അംഗവും കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാനുമായ ചൗധരി മെഹബൂബ് അലി കൗസര്‍, ഹജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹ്മദ് ഖാന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജാന്‍ഇ ആലം, ഹജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനില്‍ ഗൗതം, മന്ത്രാലയത്തിലെ ഹജ് വിഭാഗം ഡപ്യൂട്ടി സെക്രട്ടറി നിജാമുദ്ദീന്‍ എന്നിവരും സന്നിഹിതരായി.