Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൻമദിനാഘോഷം ഉപേക്ഷിച്ച് കിം ജോങ് ഉൻ; കാരണം ഉപരോധവും പട്ടിണിയും?

Kim Jong Un

സോൾ ∙ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകത്തെ ആശങ്കയുടെ മുൾമുനയിലാക്കിയ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഇന്ന് 34–ാം ജന്മദിനം. അതേസമയം, ഏകാധിപതിയുടെ പിറന്നാൾ ആഘോഷങ്ങൾ ഉത്തരകൊറിയ ഒഴിവാക്കിയത് പലവിധ അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുകയും ചെയ്തു. ഉത്തരകൊറിയയുടെ ഈ വർഷത്തെ ഔദ്യോഗിക കലണ്ടറിലും കിം ജോങ് ഉന്നിന്റെ ജന്മദിനം രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഐക്യരാഷ്ട്ര സംഘടനയുടെയും യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെയും കടുത്ത എതിർപ്പുകൾക്കും സമ്മർദ്ദതന്ത്രങ്ങൾക്കുമിടെ 2017ൽ മാത്രം ചെറുതും വലുതുമായ 16 മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ലോകത്തെയാകമാനം ഞെട്ടിച്ച് ആറാം ആണവ പരീക്ഷണവും അവർ സംഘടിപ്പിച്ചു.

സാധാരണ ഗതിയിൽ ഉത്തരകൊറിയയിൽ കിം ജോങ് ഉന്നിന്റെ യശസ്സുയർത്തേണ്ട ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും ഈ വർഷം കിം ജോങ് ഉന്നിന്റെ ജന്മദിനാഘോഷം വേണ്ടെന്നുവച്ചതാണ് ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കാൻ ഇടയാക്കിയത്. തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളും ആറാം ആണവ പരീക്ഷണവും നിമിത്തം ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ ഉത്തരകൊറിയയെ ബാധിച്ചുതുടങ്ങിയതിന്റെ സൂചനയാണ് ആഘോഷ പരിപാടികളിൽനിന്നുള്ള ഈ പിൻമാറ്റമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, അടുത്തിടെയായി ദക്ഷിണകൊറിയയുമായും യുഎസുമായും അവർ ചർച്ചകൾക്ക് തയാറാകുന്നതും ‘ക്ഷീണം’ ബാധിച്ചു തുടങ്ങിയതിന്റെ സൂചനയാണെന്നാണ് അനുമാനം.

ആറാം ആണവപരീക്ഷണത്തെ തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യുഎൻ ഏർപ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങൾ ഉത്തരകൊറിയയിലെ തൊഴിലാളി വർഗത്തെ കടുത്ത രീതിയിൽ ബാധിച്ചതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച ‘ദ് ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. കൽക്കരി കയറ്റുമതിയും കാര്യമായി കുറഞ്ഞതോടെ പലർക്കും ജോലി നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് കിം ജോങ് ഉന്നിന്റെ ജനപ്രീതിയിൽ വന്‍തോതിലുള്ള ഇടിവുണ്ടായതായും ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ജോലി നഷ്ടമാകുകയും രാജ്യം പട്ടിണിയിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കെ, ഭരണാധികാരിയുടെ ജന്മദിനത്തിന് ദേശീയതലത്തിൽ അവധി നൽകുകയും ആഘോഷങ്ങൾ സംഘടിപ്പിക്കുകയും െചയ്യുന്നത് എതിരാകുമെന്ന വിലയിരുത്തലിലാണ് അധികാരികളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെയും (ഫെബ്രുവരി 16) മുത്തച്ഛൻ കിം ഇൽ സങ്ങിന്റെയും (ഏപ്രിൽ 15) ജന്മദിനങ്ങൾ ഇരുവരും ജീവിച്ചിരിക്കുമ്പോൾ തന്നെ അവധി ദിനങ്ങളായിരുന്നു. ഇപ്പോഴും ഉത്തരകൊറിയയിലെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇവ. അതേസമയം, കിം ജോങ് ഉന്നിന്റെ പ്രായവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ ഔദ്യോഗികമായി യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.