Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓഖിപ്പണ’ത്തിൽ മുഖ്യമന്ത്രിയുടെ ആകാശയാത്ര; വിവാദമായപ്പോൾ ഉത്തരവ് റദ്ദാക്കി

Pinarayi Vijayan

തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സർക്കാർ ആവർത്തിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമാകുന്നു. ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചാണ് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന വിവരം പുറത്തുവന്നു. തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നെന്നാണ് കണക്കുകൾ. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം. ഹെലികോപ്ടർ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു.

ഓഖിപ്പണം വകമാറ്റിയെന്ന വാർത്ത പുറത്തുവന്നതോടെ, ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിലപാട്. വിവാദ ഉത്തരവ് റവന്യൂമന്ത്രിയും അറിഞ്ഞില്ലെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു. വിവരമറിഞ്ഞത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നാണെന്ന് റവന്യൂമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

ഡിസംബര്‍ 26ന് തൃശൂര്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് ഓഖി കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ച, തുടർന്ന് മന്ത്രിസഭാ യോഗം. വൈകിട്ട് 4.30ന് തിരികെ പാര്‍ട്ടി സമ്മേളന വേദിയിലേക്കുള്ള പറക്കൽ. ഈ മാസമാണ് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പണം നല്‍കുന്നതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാച്ചെലവ് പൊതുഭരണ വകുപ്പാണ് നല്‍കാറുള്ളത്.

ഓഖി ദുരിതം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് യാത്രയെന്നു ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററാണ് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്. ദുരന്തനിവാരണ വകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനാണ് ഉത്തരവിറക്കിയത്.

തൃശൂരിലെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം നാട്ടികയിലെ സ്വകാര്യ ഹെലിപാഡില്‍ നിന്നാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. സമ്മേളനത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വ്യക്തമാക്കിയശേഷം നടത്തിയ ആകാശയാത്ര സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ആകാശയാത്ര നടത്തിയതിനെ പ്രതിപക്ഷമായ കോൺഗ്രസും വിമർശിച്ചു. മുഖ്യമന്ത്രിയുടെ ആകാശയാത്രക്കായി ദുരന്തനിവാരണ ഫണ്ട് വകമാറ്റിയത് പ്രതിഷേധാര്‍ഹമാണെന്നും തുക തിരിച്ചടക്കാന്‍ പിണറായി തയാറാകണമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ആവശ്യപ്പെട്ടു.