Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതിയുടെയും മതത്തിന്റെയും പേരിൽ ബിജെപി ജനങ്ങളെ വിഭജിക്കുന്നു: രാഹുൽ ഗാന്ധി

Rahul Gandhi

ബഹ്റൈൻ∙ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ്റൈനിൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ സർക്കാർ ജനങ്ങളെ വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ തൊഴിലില്ലാതെ നിൽക്കുന്ന ജനങ്ങളിൽ വിദ്വേഷം വളർത്തുകയാണവർ. രാജ്യത്തിന്റെ സ്ഥിതി വളരെ ഗുരുതരമാണ്. പ്രവാസികളും ചേർന്നുവേണം അതിൽനിന്നു ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കാനെന്നും രാഹുൽ പറഞ്ഞു.

അടുത്ത ആറുമാസത്തിനുള്ളിൽ തിളക്കമാർന്ന കോൺഗ്രസിനെ കാണാനാകുമെന്നു പറഞ്ഞ രാഹുൽ ഗാന്ധി, പാർട്ടിയിൽ വരാനിരിക്കുന്ന വലിയ മാറ്റത്തെക്കുറിച്ചും സൂചന നൽകി. 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും. അതിനുള്ള ശക്തിയും കഴിവും ഇപ്പോൾ കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കൂട്ടായ്മയായ ‘ഗോപിയോ’യുടെ ത്രിദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുക, ആരോഗ്യരംഗം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുക എന്നിവയ്ക്കാണു കോണ്‍ഗ്രസ് മുൻതൂക്കം നൽകുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഇന്ത്യ സ്വതന്ത്രമായിരുന്നു. പക്ഷേ, ഒരിക്കൽ കൂടി ഭീഷണിയിലായിരിക്കുകയാണ്. രണ്ടു പ്രധാന ഭീഷണികളാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നത്. തൊഴിലില്ലായ്മയും ജനങ്ങൾക്കിടയിൽ വളരുന്ന വിദ്വേഷവും. എന്നാൽ ഈ രണ്ടു പ്രശ്നങ്ങളും നമുക്കു തന്നെ പരിഹരിക്കാവുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണു തന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. തൊഴിൽ സൃഷ്ടിക്കാൻ സർക്കാർ പരാജയപ്പെടുന്നതു വലിയ സംഘർഷത്തിനിടയാക്കും. തെരുവുകളിൽ പോലും ഇതിന്റെ പ്രതിഫലനം കാണാൻ സാധിക്കും. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കുന്നതിനുപകരം ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയാണവർ. 1947ൽ നമ്മുടെ പൂർവികർക്ക് ഇന്ത്യയെ സംരക്ഷിക്കുന്നതിനായി നിങ്ങളെ ആവശ്യമായിരുന്നു. ഇന്ത്യയെ മാറ്റുന്നതിനായി നിങ്ങളുടെ സഹായമഭ്യർഥിക്കുന്നതിനാണു ഞാൻ ഇവിടെ എത്തിയിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ വിദേശയാത്രയാണു രാഹുൽ ഗാന്ധിയുടേത്. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യദിനത്തിൽ ബഹ്റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ ഒരുക്കിയ ഉച്ചവിരുന്നിലും രാഹുൽ പങ്കെടുത്തു. ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദിന്റെ മകനും ബഹ്റൈൻ റോയൽ ഗാർഡ്സിലെ റാപ്പിഡ് ഇന്റർവെൻഷൻ ഫോഴ്സ് മേജറുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദിനു ജവാഹർലാൽ നെഹ്റുവിന്റെ പുസ്തകങ്ങൾ ഉപഹാരമായി നൽകി. ബഹ്റൈൻ സർക്കാരിന്റെ അതിഥിയായിട്ടാണു സന്ദർശനം.  

related stories