Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ മന്ത്രിസഭയുടെ മുഖം മിനുക്കി തെരേസ മേ; ’ഫസ്റ്റ് സെക്രട്ടറി’ പദവിയില്ല

Theresa May

ലണ്ടൻ∙ പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒഴിവുകൾ നികത്തിയും പല മന്ത്രിമാരുടെയും വകുപ്പുകളിൽ മാറ്റം വരുത്തിയും ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേ മന്ത്രിസഭയുടെ മുഖം മിനുക്കി. ഒരു വർഷത്തിനിടെ ഇതു മൂന്നാം തവണയാണു തെരേസ മേ കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നത്. വകുപ്പുമാറ്റത്തിൽ പ്രതിഷേധിച്ചു വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ് രാജിവച്ചതു പുനഃസംഘനയ്ക്കിടയിൽ പുതിയ കല്ലുകടിയായി. വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തിനു പകരം വർക്ക് ആൻഡ് പെൻഷൻ വകുപ്പിന്റെ ചുമതലയിലേക്കായിരുന്നു ജസ്റ്റിൻ ഗ്രീനിങ്ങിന്റെ മാറ്റം. ഇതിൽ പ്രതിഷേധിച്ച് അവർ രാജിവയ്ക്കുകയായിരുന്നു. ഡാമിയൻ ഹിൻഡ്സാണു പുതിയ വിദ്യാഭ്യാസ സെക്രട്ടറി. വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായി എസ്തേർ മക്വെയെ നിയമിച്ചു.

ആരോഗ്യ കാരണങ്ങളാൽ ഇന്നലെ രാവിലെ രാജിവച്ച നോർത്തേൺ അയർലൻഡ് സെക്രട്ടറി ജയിംസ് ബ്രോക്കൺഷെയറിനു പകരം കൾച്ചറൽ സെക്രട്ടറിയായിരുന്ന കരേൻ ബ്രാഡ്‍ലി പുതിയ മന്ത്രിയായി. മാറ്റ് ഹാൻകോക്കാണു പുതിയ കൾച്ചറൽ സെക്രട്ടറി.

ജസ്റ്റിസ് സെക്രട്ടറിയായിരുന്ന ഡേവിഡ് ലിഡിലിങ്ടനാണ് കാബിനറ്റ് ഓഫിസിന്റെ ചുമതലയുള്ള പുതിയ മന്ത്രി. ഫസ്റ്റ് സെക്രട്ടറിയുടെ ചുമതലകളെല്ലാം ഡേവിഡിനു ലഭിക്കുമെങ്കിലും പ്രധാനമന്ത്രിയുടെ ഡപ്യൂട്ടി എന്നർഥം വരുന്ന ’ഫസ്റ്റ് സെക്രട്ടറി’ എന്ന പദവിയില്ല. ലൈംഗികാരോപണത്തിൽ കുടുങ്ങി രാജിവച്ച ഫസ്റ്റ് സെക്രട്ടറി ഡാമിയൻ ഗ്രീൻ വഹിച്ചിരുന്ന ചുമതലകളെല്ലാം ഡേവിഡിനാണ്. വിവിധ ബ്രെക്സിറ്റ് കമ്മിറ്റികളുടെ ചുമതലകളും ഇതിൽ ഉൾപ്പെടും.

ഡേവിഡ് ലിഡിലിങ്ടൺ വഹിച്ചിരുന്ന ജസ്റ്റിസ് സെക്രട്ടറി സ്ഥാനം ഡേവിഡ് ഗ്വേക്കിനു നൽകി.

ഫസ്റ്റ് സെക്രട്ടറി ആകുമെന്ന് എല്ലാവരും കരുതിയിരുന്ന ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനു വകുപ്പുമാറ്റമില്ല. പകരം ആരോഗ്യ വകുപ്പിനൊപ്പം സോഷ്യൽ കെയർകൂടി ഉൾപ്പെടുത്തി വകുപ്പ് വിപുലപ്പെടുത്തി നൽകി. ഫലത്തിൽ ജെറമി ഹണ്ടിന് ഇതു പ്രമോഷനായി.

കാബിനറ്റ് പുനഃസംഘനയ്ക്കൊപ്പം കൺസർവേറ്റീവ് പാർട്ടിയുടെ തലപ്പത്തും മാറ്റമുണ്ടായി. പാർട്ടി ചെയർമാൻ സ്ഥാനമൊഴിഞ്ഞ സർ പാട്രിക് മക്‌ലോഗ്‌ലിനു പകരം ബ്രാൻഡൻ ലൂയിസ് ചെയർമാൻ സ്ഥാനമേറ്റു.

മുതിർന്ന നേതാക്കൾ വഹിക്കുന്ന ധനകാര്യം, വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം, ബ്രെക്സിറ്റ് തുടങ്ങിയ വകുപ്പുകളിലൊന്നും മാറ്റമില്ല.