Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1984ലെ സിഖ് കൂട്ടക്കൊല പുതിയ സംഘം വീണ്ടും അന്വേഷിക്കണം: സുപ്രീംകോടതി

1984-anti-Sikh-riots

ന്യൂഡൽഹി ∙ ദേശീയ രാഷ്ട്രീയത്തിൽ വൻ വിവാദം സൃഷ്ടിച്ച 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് പുനരന്വേഷണം നടത്തുമെന്ന് സുപ്രീം കോടതി. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളാണ് പുനരന്വേഷിക്കുന്നത്.

വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇപ്പോഴും സർവീസിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങൾ. ഇതിൽ വിരമിച്ച ഉദ്യോഗസ്ഥൻ സർവീസ് വിടുന്ന സമയത്ത് കുറഞ്ഞത് ഡിഐജി റാങ്കിലെങ്കിലുമുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രധാന നിർദ്ദേശം നൽകിയത്. ജസ്റ്റിസുമാരായ എ.എം. ഖൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ഈ ബെഞ്ചിലെ മറ്റംഗങ്ങൾ.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു പിന്നാലെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനുള്ള പ്രത്യേക സംഘത്തിനു 2015 ഫെബ്രുവരിയിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനൽകിയത്. രണ്ടര വർഷം നീണ്ട അന്വേഷണത്തിനുശേഷം ആകെ 250 കേസുകളിൽ ഒൻപതെണ്ണത്തിൽ മാത്രമാണ് നിലവിൽ എസ്ഐടി അന്വേഷണം തുടരുന്നതെന്നും ഇതിൽ രണ്ടെണ്ണം സിബിഐ അന്വേഷണമാണെന്നും കേന്ദ്രസർക്കാർ ഏതാനു മാസങ്ങൾക്കു മുൻപ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 241 കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത് പരിശോധിക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ മുൻ ജഡ്ജിമാരായ ജെ.എം.പഞ്ചാലും കെ.എസ്.പി.രാധാകൃഷ്ണനും അടങ്ങിയ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഇവർക്കുള്ള നിർദ്ദേശം. 2017 സെപ്റ്റംബറിൽ പ്രവർത്തനമാരംഭിച്ച സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചതായി കേന്ദ്രസർക്കാർ അറിയിച്ച 241 കേസുകളിൽ 186 എണ്ണം മതിയായ അന്വേഷണം കൂടാതെയാണ് അവസാനിപ്പിച്ചതെന്ന് ഇവർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഘത്തെ വച്ചുള്ള പുനരന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.