Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുയോജ്യമായ സമയത്ത് ഉത്തരകൊറിയയുമായി ചർച്ച നടത്തും: ഡോണൾഡ് ട്രംപ്

Donald Trump

വാഷിങ്ടൻ∙ ഉത്തര കൊറിയയുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശരിയായ സാഹചര്യത്തിൽ അനുയോജ്യമായ സമയത്ത് ഉത്തര കൊറിയയുമായി ചർച്ച നടത്തും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ–ഇന്നിനോടാണ് ട്രംപിന്റെ പതികരണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ മൂൺ ജെ–ഇൻ ട്രംപിനെ ഫോണിൽ അറിയിച്ചിരുന്നു. കൂടാതെ രണ്ടുവർഷത്തിനുശേഷം ചർച്ചയ്ക്കു വഴിയൊരുക്കാൻ സഹായിച്ച ട്രംപിന് അവർ നന്ദിയുമറിയിച്ചു.

ഉത്തര കൊറിയയുടെ നേതാവുമായി ചർച്ചയ്ക്കു താൻ തയാറാണെന്ന് ഡോണൾഡ് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. ‘കൊച്ചു റോക്കറ്റ് മനുഷ്യനു’മായി ചർച്ചയ്ക്കു താൻ സദാസമയവും സന്നദ്ധനാണെന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ പരാമർശിച്ച് ട്രംപ് പറഞ്ഞു. എന്നാൽ ചർച്ചയ്ക്കു ചില വ്യവസ്ഥകളുണ്ടെന്നു പറഞ്ഞ ട്രംപ്, അവ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല.

ഫെബ്രുവരി ഒൻപതു മുതൽ 25 വരെ ദക്ഷിണ കൊറിയയിലെ പ്യൂങ്ചോങ്ങിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഉത്തര കൊറിയയുടെ പങ്കാളിത്തം ഉൾ‌പ്പെടെയുള്ള വിഷയങ്ങൾ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച ചെയ്യാനിരിക്കുകയാണ്. രണ്ടു വർഷത്തിനുശേഷം ഇരു കൊറിയകളും തമ്മിലുള്ള ഹോട് ലൈൻ ബന്ധം അടുത്തിടെ പുനഃസ്ഥാപിച്ചിരുന്നു. ഉത്തര കൊറിയയെ എപ്പോഴും പ്രകോപിപ്പിക്കാറുള്ള യുഎസ്–ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങൾ ശീതകാല ഒളിംപിക്സ് തീരുംവരെ നിർത്തി വയ്ക്കാനും യുഎസും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.