Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യയിൽ 49 % വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി

air-india-

ന്യൂഡൽഹി∙ രാജ്യത്തിന്റെ അഭിമാനമായിരുന്ന എയർ ഇന്ത്യയിൽ വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതുൾപ്പെടെ വിദേശനിക്ഷേപത്തിൽ (എഫ്ഡിഐ) സുപ്രധാന തീരുമാനങ്ങളാണ് കേന്ദ്രമന്ത്രിസഭ എടുത്തത്. എയർ ഇന്ത്യയിൽ 49 ശതമാനം വിദേശ നിക്ഷേപത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

എയർ ഇന്ത്യ വിറ്റഴിക്കണമെന്നു ഭരണകക്ഷിയംഗങ്ങൾ കഴിഞ്ഞദിവസം ഒറ്റക്കെട്ടായി നിലപാടെടുത്തതിനിടെ, വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി അലങ്കോലപ്പെട്ടിരുന്നു. വിമാന സർവീസ് പൊതുമേഖലയിൽ വേണ്ടെന്നാണു സർക്കാർ നിലപാട്. സ്വകാര്യവൽക്കരണത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിന്റെ ഭാഗമായാണ് വിദേശനിക്ഷേപം അനുവദിച്ചത്. എയർ ഇന്ത്യയിൽ നേരിട്ടോ അല്ലാതെയോ വിദേശ കമ്പനികൾക്കു നിക്ഷേപം നടത്താം. എന്നാൽ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഇന്ത്യയ്ക്കായിരിക്കും.

52,000 കോടിയിലേറെ രൂപയുടെ ബാധ്യതയുള്ള എയർഇന്ത്യയെ പുനരുദ്ധരിക്കാൻ മറ്റുവഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. വർഷം തോറും നാലായിരം കോടിയുടെ അധിക ബാധ്യതയുമുണ്ട്. 40 ശതമാനം വരെ ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് തയാറായിരുന്നു. പൂർണമായും സ്വന്തമാക്കാനുള്ള ആഗ്രഹം 2013ൽ പ്രകടിപ്പിച്ചു. ഏതാനും ഇന്ത്യൻ വിമാനക്കമ്പനികളും വിദേശ വിമാനക്കമ്പനികളും എയർഇന്ത്യയെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നിരുന്നു.

നിതി ആയോഗിന്റെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ എയർഇന്ത്യയുടെ സ്വകാര്യവൽക്കരണ നടപടികളിലേക്കു കടന്നത്. എയർഇന്ത്യയ്ക്ക് മുംബൈ വിമാനത്താവളത്തിനടുത്ത് 100 ഏക്കറും ഡൽഹിയിൽ 80 ഏക്കറും സ്ഥലമുണ്ട്. ഇതിനുമാത്രം ഏതാണ്ട് 8000 കോടി രൂപ വിലമതിക്കും. 31 വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ന്യൂയോർക്ക്, ചിക്കാഗോ, ലണ്ടൻ, സിയോൾ തുടങ്ങിയ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെ പാർക്കിങ് സ്ലോട്ടുകൾക്കും വൻ മൂല്യമുണ്ട്.

എയർഇന്ത്യയ്ക്ക് സ്വന്തമായുള്ളത് 118 വിമാനങ്ങൾ. ഇതിൽ 77 എണ്ണം സ്വന്തം. 41 എണ്ണം പാട്ടത്തിന്. ഇതിൽ 22 എണ്ണം മടക്കി നൽകേണ്ടവ. ബോയിങ് കമ്പനിയുടെ ബി 777, ബി 747, ബി 878, എയർബസിന്റെ എ 319, എ 320, എ 321, എടിആർ 42, എടിആർ 72 ഇനങ്ങളിലുള്ളതാണ് വിമാനങ്ങൾ. ഇവയുപയോഗിച്ച് നിലവിൽ പ്രതിദിനം 375 ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നടത്തുന്നു. അവസാന സാമ്പത്തികവർഷം 1.8 കോടി യാത്രക്കാരാണ് എയർഇന്ത്യ വിമാനങ്ങളിൽ സഞ്ചരിച്ചത്.

100 ശതമാനം വിദേശനിക്ഷേപം

നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാൻ വിദേശ നിക്ഷേപങ്ങള്‍ക്ക് സമ്പൂർണ ഇളവാണ് കേന്ദ്രം പ്രഖ്യാപിച്ചത്. രാജ്യത്ത് ചില്ലറ വില്‍പന മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപം നടത്താം. ഇതിന് സർക്കാർ അനുമതി ആവശ്യമില്ല. വ്യാപാരവും സാമ്പത്തികവും മെച്ചപ്പെടുത്താൻ തീരുമാനം സഹായിക്കും. തൊഴിലും വരുമാനവും വർധിക്കുമെന്നും സർക്കാർ കരുതുന്നു. 2016-17 വർഷത്തിൽ ആകെ 60.08 ബില്യൻ ഡോളറാണ് ( 3.82 ലക്ഷം കോടി രൂപ) വിദേശനിക്ഷേപമായി ഇന്ത്യയിൽ എത്തിയത്.

related stories