Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖിപ്പണത്തിൽ ആകാശയാത്ര: നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി, റവന്യുവകുപ്പിൽ അതൃപ്തി

loknath-behra ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദേശിച്ചതു പൊലീസല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷ ഒരുക്കുക മാത്രമാണു പൊലീസ് ചെയ്തത്. മറ്റു കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ബെഹ്റ വ്യക്തമാക്കി.

അതേസമയം, യാത്രയ്ക്ക് ദുരന്തനിവാരണഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പിൽ അതൃപ്തി പുകയുകയാണ്. സർക്കാരിനാകെ ക്ഷീണമുണ്ടാക്കിയ നടപടിയാണുണ്ടായതെന്ന് വിമർശനമുയർന്നു. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥ വീഴ്ചയാവാമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും നിലപാട്.

ഡിസംബര്‍ 26നു തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍നിന്നു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയതും തിരിച്ചു പറന്നതും സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍നിന്നെടുക്കാന്‍ നിര്‍ദേശിച്ചാണു സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതാണു വിവാദമായത്. എന്നാല്‍ ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണു ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിക്കുന്നത്.

റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനാണ് ഉത്തരവിറക്കിയത്. ഓഖി ദുരന്ത ബാധിതര്‍ക്കുള്ള ഫണ്ടില്‍നിന്ന് ആകാശയാത്രയ്ക്കു പണമെടുത്തെന്ന പ്രതീതിയുണ്ടായതു സര്‍ക്കാരിനു നാണക്കേടായെന്നു റവന്യൂവകുപ്പു വിലയിരുത്തുന്നു. അതിനാല്‍ പരിശോധിച്ചശേഷം വീഴ്ചയെങ്കില്‍ നടപടിയെടുക്കാനാണ് ആലോചന. ഉത്തരവില്‍ വീഴ്ചയുള്ളതിനാലാണ് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ വന്നത് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാനായതിനാലാണു ദുരന്തനിവാരണ ഫണ്ടുപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്നാണു റവന്യു വകുപ്പിന്റെ വിശദീകരണം. ഓഖിപ്പണം ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവർ രംഗത്തെത്തി. പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയതിനു തുല്യമാണെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ, ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിക്ക് ഒരു ഹൃദയമില്ലെന്നതിനു തെളിവാണിതെന്നു സുരേന്ദ്രൻ ആരോപിച്ചു.