Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ കോപ്റ്റർ യാത്ര; പണം നൽകാനുള്ള ശേഷി പാർട്ടിക്കുണ്ടെന്ന് കടകംപള്ളി

Pinarayi Vijayan

തിരുവനന്തപുരം ∙ ഓഖിയേക്കാൾ വലിയ കൊടുങ്കാറ്റായി സർക്കാരിനുമേൽ ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടലുമായി സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്തു വ്യക്തമാക്കി.

അതിനിടെ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ദുരിതാശ്വാസ നിധിയില്‍നിന്നു പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയും റവന്യൂ സെക്രട്ടറിയും ഏറ്റുമുട്ടി. സെക്രട്ടറിയോടു വിശദീകരണം ചോദിച്ചെന്നു മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്നു ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു.

പണം നല്‍കാന്‍ ഉത്തരവിറക്കിയ അഡീ·ഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നടപടി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു റവന്യൂ മന്ത്രി തുറന്നടിച്ചു. താനറിയാതെ ഉത്തരവിറക്കിയതിനു കാരണം വിശദീകരിക്കാന്‍ മന്ത്രി കുര്യനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിന്തുണയുള്ള കുര്യന്റെ നീക്കങ്ങളില്‍ മൂന്നാര്‍ വിവാദം മുതല്‍ മന്ത്രിക്കും സിപിഐയ്ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉണ്ടായ നടപടി കുര്യനെ ചൊടിപ്പിച്ചു.

അതേസമയം, ദുരിതാശ്വാസ നിധിയില്‍നിന്നു പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വാദം തെറ്റാണെന്നു വിവാദ ഉത്തരവിന്റെ പകർപ്പിൽനിന്ന് വ്യക്തമാണ്. ഇരുവരുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കു പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊലീസിന്റെ ആവശ്യപ്രകാരമാണു പണം നല്‍കിയതെന്ന നിലപാട് ലോക്നാഥ് ബെഹ്റയും തള്ളി.