മതസ്പർധ കേസ്: സെൻകുമാറിനെതിരെയുള്ള തെളിവുകൾ വ്യാജമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം ∙ മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ മതസ്പർധ വളർത്തുന്ന തരത്തിൽ സംസാരിച്ചുവെന്ന കേസിൽ തെളിവില്ലെന്നു ഫൊറൻസിക് റിപ്പോർട്ട്. ലേഖകൻ കൈമാറിയ സെൻകുമാറിന്റെ സംഭാഷണമടങ്ങിയ പെൻഡ്രൈവ്, ലാപ്ടോപ് എന്നിവയിലെ സംഭാഷണം കൃത്രിമമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു.

വിരമിച്ചശേഷം സെൻകുമാർ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ മതസ്പർധ ഉണ്ടാക്കുന്നവിധം സംസാരിച്ചുവെന്നു ചൂണ്ടികാട്ടിയാണ് കേസെടുത്ത് അന്വേഷിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ പൊലീസിനു നിർദേശം നൽകിയത്. കേസിൽ അറസ്റ്റ് ഭയന്ന് സെൻകുമാർ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയിരുന്നു.