Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാവ്‌ലിന്‍ ഇന്ന് സുപ്രീംകോടതിയില്‍; മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം

snc-lavalin

ന്യൂ‍ഡൽഹി∙ ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി ഇന്നു പരിഗണിക്കും. വിചാരണ നേരിടണമെന്ന വിധിക്കെതിരെ മൂന്നു മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ മുന്നിലെത്തും. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.

ലാവലിന്‍ ക്രമക്കേടില്‍ പിണറായി വിജയനെതിരെ നേരിട്ടു തെളിവുണ്ടെന്നാണു സിബിഐയുടെ വാദം. പിണറായിക്കു ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ട്. പിണറായി അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണം. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് ആദ്യം വിചാരണക്കോടതിയും പിന്നീടു ഹൈക്കോടതിയും പിണറായിയെ അടക്കം കുറ്റവിമുക്തരാക്കിയത്. പിണറായി, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയതു കേസിനെ ഗുരുതരമായി ബാധിക്കുമെന്നും അപ്പീലില്‍ സിബിഐ വ്യക്തമാക്കി.

മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി, തങ്ങള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടതു വസ്തുതകള്‍ പരിശോധിക്കാതെയാണെന്നു കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസ്, കെ.ജി. രാജശേഖരന്‍ എന്നിവര്‍ ആരോപിക്കുന്നു. കേസില്‍നിന്നു കുറ്റവിമുക്തരാക്കണമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പിണറായി അടക്കം മൂന്നു പ്രതികളെ ഒഴിവാക്കിയ ഹൈക്കോടതി നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ മുന്നിലെത്തും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.