Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയെ നടുക്കിയ മോഷണ പരമ്പരയിൽ മൂന്നുപേർ ഡൽഹിയിൽ പിടിയിൽ

CCTC

കൊച്ചി∙ നഗരത്തെ നടുക്കിയ കവർച്ചക്കേസുകളിൽ മൂന്നു പേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ റോണി, അർഷാദ്, ഷേക്സാദ് എന്നിവരെയാണു കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം ഡൽഹിയിൽ അറസ്റ്റ് ചെയ്തത്. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും. വീട്ടുകാരെ ബന്ദിയാക്കി എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചകളിലാണ് അറസ്റ്റ്. ഓരോ ദിവസത്തെ ഇടവേളയിൽ നടന്ന ഈ മോഷണങ്ങൾ സുരക്ഷാ സംബന്ധമായ ഒട്ടേറെ ചോദ്യങ്ങൾക്കു കാരണമായിരുന്നു.

എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടിൽ ഇ.കെ. ഇസ്മയിലിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ഡിസംബർ 15ന് പുലർച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽ പിറ്റേന്നുമാണ് മോഷണം നടന്നത്. പുല്ലേപ്പടിയിൽനിന്ന് ഗൃഹനാഥയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം മോഷണം പോയപ്പോൾ, തൃപ്പൂണിത്തുറയിൽനിന്ന് 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും മോഷണം പോയി.

മോഷണത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഇവിടേക്കു കൂടി വ്യാപിപ്പിച്ചത്. അന്വേഷണമാരംഭിച്ചതിനു പിന്നാലെ കവർച്ച സംഘമെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ നഗരത്തിലെ തിയറ്ററിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു.

പുല്ലേപ്പടിയിലെ കവർച്ച 15ന് പുലർച്ചെ

ഇസ്മയിലിന്റെ വീട്ടിൽ മാരകായുധങ്ങളുമായി പുലർച്ചെ അതിക്രമിച്ചു കയറിയ നാലംഗ സംഘം  അദ്ദേഹത്തിന്റെ ഭാര്യ സൈനബയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം കവർന്നിരുന്നു. വീട്ടുകാരെ മുഴുവൻ ഭീഷണിയുടെ മുനയിൽ നിർത്തിയശേഷമായിരുന്നു കവർച്ച. പൊലീസ് അന്വേഷണത്തിൽ വീട്ടുവളപ്പിൽനിന്നു നാടൻ തോക്കിന്റെ തിര കണ്ടെടുത്തിരുന്നു.

വീടിന്റെ മുൻഭാഗത്തെ ജനൽക്കമ്പി കമ്പിപ്പാരയുപയോഗിച്ചു വളച്ചാണു കവർച്ചാ സംഘം വീടിനുള്ളിൽ കടന്നത്. ഈ സമയം സൈനബ അടുക്കളയിലും ഇസ്മയിൽ ശുചിമുറിയിലുമായിരുന്നു. കയ്യിൽ കമ്പിപ്പാരയുമായാണു സംഘം ഇവരെ സമീപിച്ചത്. സ്വർണാഭരണങ്ങൾ ഊരിയെടുക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ സൈനബയുടെ കൈയ്ക്കു പരുക്കേൽക്കുകയും ചെയ്തു.

ശബ്ദം കേട്ടു മുകൾ നിലയിൽനിന്നു ഡ്രൈവർ എത്തിയെങ്കിലും കവർച്ചാസംഘം ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ഇസ്മയിലിന്റെ മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ഭയം കാരണം ഇവരും പുറത്തേക്കു വന്നില്ല. വയോധികരായ ഇസ്മയിലും ഭാര്യയും മാത്രമേ വീട്ടിലുള്ളൂവെന്ന ധാരണയിലാണു കവർച്ചാസംഘം എത്തിയത്. വീട്ടിൽ കൂടുതൽ ആളുകളുണ്ടെന്നു മനസ്സിലായതോടെ കിട്ടിയ സ്വർണവുമായി ഇവർ കടക്കുകയായിരുന്നു. കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ കൊണ്ട് ഇവർ മുഖം മറച്ചിരുന്നു.

പിറ്റേന്ന് തൃപ്പൂണിത്തുറയിലും മോഷണം

തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽ കവർച്ച നടത്തിയ സംഘത്തിന്റ ആക്രമണത്തിൽ ഗൃഹനാഥൻ ഉൾപ്പെടെ അഞ്ചു പേർക്കാണ് പരുക്കേറ്റത്. 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും ഇവിടെനിന്ന് കവർന്നിരുന്നു. മാരകായുധങ്ങൾ കാണിച്ചു വീട്ടുകാരെ ബന്ദികളാക്കിയാണു പുലർച്ചെ രണ്ടു മണിയോടെ കവർച്ച നടത്തിയത്. 15 പേരടങ്ങുന്ന ഉത്തരേന്ത്യൻ സംഘടിത കുറ്റവാളി സംഘമാണു കവർച്ച നടത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന്റെ മുൻഭാഗത്തെ ജനലിന്റെ ഗ്രിൽ പിഴുതു മാറ്റിയാണു കവർച്ചക്കാർ അകത്തു കടന്നത്. ആനന്ദകുമാർ (49), അമ്മ സ്വർണമ്മ (72), ഭാര്യ ഷാരി (46), മക്കൾ ദീപക്, രൂപക് എന്നിവരെ വീടിന്റെ കുളിമുറിയടക്കം ഓരോ മുറിയിലായി കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മൂന്നു മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ കവർച്ചസംഘം അഞ്ചു മണിയോടെ പുറത്തു പോയപ്പോഴാണ്, ഇളയ മകൻ രൂപക് മുഖത്ത് ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ അടർത്തിമാറ്റി ഒച്ചവച്ച് അയൽവാസികളെ വിവരമറിയിച്ചത്. സമീപവാസിയായ അഖിൽ തോമസ് ഇവരെ രക്ഷപ്പെടുത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മോഷണരീതികൾ സമാനം 

പുല്ലേപ്പടിയിൽ വയോധികരായ ദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടും നടത്തിയ കവർച്ചകൾ ഏറെ സമാനതകളുള്ളതായിരുന്നു. സമീപവാസികളും വീട്ടുകാരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുസ്ഥലത്തെയും മോഷണങ്ങൾ ഒരേ സ്വഭാവമുള്ളതാണെന്നു പൊലീസ് കണ്ടെത്തിയത്. മോഷണം നടന്ന പുല്ലേപ്പടിയിലെയും തൃപ്പൂണിത്തുറയിലെയും വീടുകൾ തമ്മിൽ റെയിൽവേ ട്രാക്കുമായി വളരെ അടുത്താണ്. രണ്ടു സ്ഥലത്തും കവർച്ച നടത്തിയതു വീടിന്റെ ജനൽ ഗ്രില്ലുകൾ പിഴുതുമാറ്റിയാണ്. ഇരു സ്ഥലത്തും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. 

മാരകമല്ലാത്ത ആയുധങ്ങൾകൊണ്ടാണ് ഇരകളെ ആക്രമിച്ചത് തൃപ്പൂണിത്തുറയിൽ ഗൃഹനാഥനെ മരക്കമ്പുകൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിച്ചു. പുല്ലേപ്പടിയിൽ പാര കാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദരാക്കി. പുല്ലേപ്പടിയിൽ നാടൻ തോക്കിന്റെ തിര പ്രതികൾ അവശേഷിപ്പിച്ചു. തൃപ്പൂണിത്തുറയിൽ പ്രതികൾ ഗേറ്റിൽനിന്ന് അറുത്തെടുത്ത കമ്പിയുടെ കഷ്ണവും ആഭരണങ്ങൾ മുറിച്ചെടുക്കുന്ന കട്ടിങ് പ്ലെയറും ഉപേക്ഷിച്ചു. രണ്ടിടത്തും സ്വർണാഭരണങ്ങൾക്കാണു കവർച്ചക്കാർ പ്രാധാന്യം കൊടുത്തത്. പുല്ലേപ്പടിയിൽ അഞ്ചു പവൻ കവർന്നപ്പോൾ തൃപ്പൂണിത്തുറയിൽ 54 പവൻ കവർന്നു. 

related stories