Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മെറിറ്റ്’ അടിസ്ഥാനമാക്കി കുടിയേറ്റ സംവിധാനം നടപ്പാക്കാൻ യുഎസ് ഒരുങ്ങുന്നു

Donald Trump

വാഷിങ്ടൻ∙ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം യുഎസിൽ നടപ്പാക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. മികച്ച ട്രാക്ക് റെക്കോർഡുള്ള ആളുകളെ മാത്രമേ യുഎസിലേക്കു പ്രവേശിപ്പിക്കുവെന്നു ട്രംപ് വ്യക്തമാക്കി. കാനഡയിലും ഓസ്ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇന്നു യുഎസിലേക്ക് ആളുകളെ കൊണ്ടുവരുന്ന നയത്തിന്റെ വേറിട്ടരീതിയാണിത്. അങ്ങനെ വന്നാൽ മികച്ച പശ്ചാത്തലമുള്ളവരായിരിക്കും യുഎസിലേക്കു വരിക, വൈറ്റ് ഹൗസിൽ രണ്ടു രാഷ്ട്രീയകക്ഷികളെ പ്രതിനിധികരിക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

വിഷയത്തിൽ ട്രംപിന്റെ അഭിപ്രായത്തോട് പലരും യോജിച്ചു. 21–ാം നൂറ്റാണ്ടിൽ നമുക്കു വിജയിക്കണമെങ്കിൽ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം വേണമെന്നു സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. 11 മില്യൺ ജനതയ്ക്കായി ഇതിലുമധികം ചെയ്യാൻ താൻ തയാറാണ്. എല്ലാ 20 വർഷവും കൂടുമ്പോഴല്ല ഇതു ചെയ്യേണ്ടത്, ഗ്രഹാം കൂട്ടിച്ചേർത്തു.

പരിഷ്കരണം മൂന്നു തൂണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവേണമെന്നാണു സെനറ്റർ കെവിൻ മക്‌കാർത്തിയുടെ നിലപാട്. ചെറുപ്പകാലത്ത് എത്തുന്നവർക്കായുള്ള നടപടി, അതിർത്തി സുരക്ഷ, ചങ്ങലകളായുള്ള കുടിയേറ്റം എന്നിവയാണ് അവയെന്ന് അറിയിച്ചപ്പോൾ പ്രസിഡന്റ് ഇടയ്ക്കു കയറി ഏതു കുടിയേറ്റ നയമാണെങ്കിലും മെറിറ്റ് കൂടി ചേർക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇതു സംബന്ധിച്ച പുതിയ ബിൽ കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ചങ്ങലകളായുള്ള കുടിയേറ്റം നിരവധിപ്പേരെയാണു രാജ്യത്തേക്കു കൊണ്ടുവരുന്നത്. അത്തരം ആളുകൾ യുഎസിനു നല്ലതല്ല ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി. വീസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, യോഗം വിജയകരമാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു.