Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോപാലസേനയ്ക്ക്‌ കീഴടങ്ങില്ല; സംരക്ഷിച്ച യുഡിഎഫുകാർക്ക് നന്ദി: ബൽറാം വീണ്ടും

V.T. Balram

പാലക്കാട് ∙ സിപിഎം പ്രവർത്തകരുടെ അതിക്രമത്തിന് ഇരയായതിനു പിന്നാലെ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി വി.ടി. ബൽറാം എംഎൽഎ വീണ്ടും രംഗത്ത്. സമൂഹമാധ്യമത്തിലെ ലഘു കുറിപ്പിലൂടെയാണ് പോരാട്ടം തുടരുമെന്ന വ്യക്തമായ സൂചന ബൽറാം നൽകിയത്. ഏതാനും ദിവസങ്ങളായി രാഷ്ട്രീയ കേരളത്തെ ഇളക്കിമറിക്കുന്ന ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശമാണ് അദ്ദേഹത്തിനെതിരായ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. അതേസമയം, ബൽറാമിനെതിരായ അക്രമം തുടർന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ വഴിയിൽ തടയുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.

‘#ഗോപാലസേനയ്ക്ക്‌ കീഴടങ്ങില്ല. എന്നെ സംരക്ഷിച്ച യുഡിഎഫ്‌ പ്രവർത്തകർക്ക്‌ നന്ദി’ – ഇതായിരുന്നു ബൽറാമിന്റെ പോസ്റ്റ്.

തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയപ്പോഴാണ് എകെജി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബൽറാം ആക്രമണത്തിന് ഇരയായത്. എംഎൽഎയെ തടയാനുള്ള ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. ബൽറാമിനു സംരക്ഷണം നൽകാനെത്തിയ യുഡിഎഫ് പ്രവർത്തകരും സിപിഎം പ്രവർത്തകരും മുഖാമുഖമെത്തിയതോടെ ഇവിടെ സംഘർഷവും ഉടലെടുത്തിരുന്നു.

എകെജി വിവാദത്തിനുശേഷം വി.ടി. ബല്‍റാം എംഎല്‍എ പങ്കെടുത്ത ആദ്യ പൊതുപരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പൊലീസുകാർക്കടക്കം നിരവധിപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.