Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ഇന്ത്യ കുതിക്കും, ചൈനയെ മറികടക്കും; 7.3% വളർച്ചയെന്ന് ലോകബാങ്ക്

Narendra Modi

വാഷിങ്ടൻ∙ ഇന്ത്യയുടെ ശുഭ ഭാവി പ്രവചിച്ച് ലോകബാങ്ക്. ‘ഊർജ്വസ്വലതയുള്ള സർക്കാരിന്റെ പരിഷ്കരണങ്ങൾ’ ഇന്ത്യയുടെ ബൃഹത് വികസനത്തിന് വഴി തെളിക്കുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വളർച്ച മുരടിച്ചെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സർക്കാരിന് പ്രതീക്ഷ നൽകുന്നതാണ് ലോകബാങ്കിന്റെ നിരീക്ഷണം.

സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി 2018ൽ ഇന്ത്യ 7.3 ശതമാനവും രണ്ട് വർഷത്തിനകം 7.5 ശതമാനവും വളർച്ച നേടുമെന്നാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്. നോട്ടു നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) തുടങ്ങിയവ തിരിച്ചടിച്ച 2017ൽ 6.7 ശതമാനമായിരുന്നു വളർച്ച. എന്നാൽ ഈ മുരടിപ്പെല്ലാം ഇന്ത്യ മറികടക്കുമെന്നാണ് ‘ആഗോള സാമ്പത്തിക ദർശന’ റിപ്പോർട്ടിൽ ലോകബാങ്ക് പറയുന്നത്.

‘മറ്റ് പ്രമുഖ വിപണികളെ അപേക്ഷിച്ച് ഇന്ത്യ വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. അടുത്ത ദശകത്തിൽ ഈ മാറ്റം തിരിച്ചറിയാം. ഹ്രസ്വകാല കണക്കുകളെ മുഖവിലയ്ക്കെടുക്കേണ്ട. ഇന്ത്യയുടെ വലിയ ചിത്രമാണ് മുന്നിൽ. അതിബൃഹത്തായ വളർച്ചാസാധ്യതയാണ് രാജ്യത്തിനുള്ളത്’– ലോകബാങ്കിന്റെ വികസന പ്രോസ്പെക്ടസ് ഗ്രൂപ്പ് ഡയറക്ടർ അയ്ഖാൻ കോസ് പറഞ്ഞു. ചൈനയുടെ വളർച്ച മന്ദഗതിയിലാണ്. എന്നാൽ ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ൽ ചൈനയുടെ വളർച്ച 6.8 ശതമാനമായിരുന്നു. ഇന്ത്യയേക്കാൻ 0.1 ശതമാനം മാത്രം കൂടുതൽ. 2018ൽ ചൈനയുടേത് 6.4 ശതമാനമായിരിക്കും എന്നാണ് കണക്കാക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ 6.3, 6.2 ശതമാനം വീതമായിരിക്കും. ചൈനയുടെ വളർച്ച ഇടിയുന്ന സാഹചര്യം ഇന്ത്യ മുതലെടുക്കണം. നിക്ഷേപം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അയ്ഖാൻ കോസ് അഭിപ്രായപ്പെട്ടു. 

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി

2018ൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച് കൺസൽറ്റൻസിയുടെറിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുക. ഇന്ത്യയുടെ കുതിപ്പ് മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കും ഊർജം പകരും. 15 വർഷത്തിനുള്ളിൽ ലോകത്തിലെ 10 സാമ്പത്തിക ശക്തികളിൽ ഏഷ്യൻ രാജ്യങ്ങളാകും മുന്നിലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അതേസമയം, നടപ്പു സാമ്പത്തിക വർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിൽ താഴെയാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2016–17ലെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 7.1 % രേഖപ്പെടുത്തിയിരുന്നു. 2014–15ലെ നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 2015–16ൽ എട്ടു ശതമാനമായി ഉയർന്നിരുന്നു. ഈ നിരക്ക് ഏഴു ശതമാനത്തിൽ താഴേക്കു പോകുമെന്നാണു പറയുന്നത്. നോട്ടുനിരോധനം, ജിഎസ്ടി, നികുതി രംഗത്തു വന്ന മാന്ദ്യം തുടങ്ങിയവയാണ് വളർച്ചാനിരക്കിലെ കുറവിനു കാരണമാകുക.

related stories