Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: നൂതന ആശയങ്ങളെ സ്വകാര്യതയുടെ പേരിൽ ‘കൊല്ലാനാകില്ലെന്ന്’ കേന്ദ്രം

ravi-shankar-prasad രവിശങ്കർ പ്രസാദ്

ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ ചോർന്നുവെന്ന ആരോപണങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രസർക്കാർ. നൂതന ആശയങ്ങളെ ‘സ്വകാര്യതയെ കൈവശപ്പെടുത്തുന്നു’വെന്ന പേരിൽ കൊല്ലാനാകില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിച്ച നന്ദൻ നിലേകനി പോലുള്ളവർ പോലും ആധാറിനെ അപകീർത്തിപ്പെടുത്താൻ ആസൂത്രിതമായ നീക്കം നടക്കുന്നതായി പറഞ്ഞിരുന്നു.

രാജ്യത്തെ എല്ലാവർക്കും 12 അക്ക ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകുന്ന പദ്ധതിയെ പ്രതിരോധിച്ചുതന്നെയാണു രാജ്യാന്തര വാണിജ്യ സമ്മേളനത്തിൽ മന്ത്രി രവിശങ്കർ പ്രസാദ് സംസാരിച്ചത്. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വിരലടയാളവും കൃഷ്ണമണിയുടെ വിവരങ്ങളും ഇപ്പോഴും സുരക്ഷിതമാണ്. ബില്യൺ തവണ ശ്രമിച്ചാൽപ്പോലും അവ തകർക്കാനാകില്ല. ആധാർ വിവരങ്ങളുടെ ചോർച്ച എന്ന വിഷയം ഊതിവീർപ്പിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.

പ്രമുഖ മാധ്യമമായ ദി ട്രിബ്യൂൺ ആണ് 500 രൂപ നൽകിയാൽ ആരുടെയും ആധാർ വിവരങ്ങൾ ലഭിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്നു ഡൽഹി പൊലീസ് പത്രത്തിനെതിരെയും റിപ്പോർട്ടർക്കെതിരെയും എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

ആധാറും സ്വകാര്യതയും എന്നതിൽ ചില ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്ര ചെയ്യുക എന്നതു സ്വകാര്യ കാര്യമാണ്. എന്നാൽ വിമാന യാത്ര പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോൾ എല്ലാം റെക്കോർഡ് ചെയ്യപ്പെടുകയാണ്. നിങ്ങൾ എന്തുകഴിക്കുന്നുവെന്നതു സ്വകാര്യമായ തിരഞ്ഞെടുപ്പാണ്. എന്നാൽ ഒരു റെസ്റ്ററന്റിലാണു കഴിക്കുന്നതെങ്കിൽ അതു ബില്ലായി രേഖയായി മാറും. അതുകൊണ്ടു സ്വകാര്യത എന്ന വിഷയം പരിധിയിൽ കവിഞ്ഞ് ഊതിവീർപ്പിക്കരുത്.

ഏറ്റവും കൂടുതൽ സ്വകാര്യമെന്നു പറയുന്നതു മെഡിക്കൽ, ബാങ്ക് റെക്കോർഡുകളാണ്. ആധാർ നിർബന്ധമാക്കുക വഴി വ്യാജ അക്കൗണ്ടുകളും അധ്യാപകരെയും പുറത്തുകൊണ്ടുവരാനായി. സർക്കാരിന്റെ അമൂല്യമായ വിഭവസമ്പത്തിനെ ഇതുവഴി രക്ഷിച്ചെടുക്കാനായി. ആധാറിൽ ജാതി, മതം, ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളില്ല കൃഷ്ണമണിയുടെയും വിരലടയാളത്തിന്റെയും വിവരങ്ങൾ മാത്രമേയുള്ളൂ, മന്ത്രി കൂട്ടിച്ചേർത്തു.