Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യത ഉറപ്പാക്കാൻ വിർച്വൽ ഐഡി: എതിർപ്പുമായി ആധാർ വിരുദ്ധർ

aadhar-sim

ന്യൂഡൽഹി∙ ആധാർ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ വിർച്വൽ ഐഡിയും ഉപയോക്താക്കളുടെ ചുരുക്കം വിവരങ്ങൾ മാത്രം ഉൾപ്പെടുന്ന കെവൈസിയും നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ആധാർ അതോറിറ്റിയുടെ ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആധാറിനെ എതിർക്കുന്നവർ വ്യക്തമാക്കി.

വിർച്വൽ ഐഡി സംവിധാനം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല. അത് പ്രവർത്തനരഹിതമാണ്. സാങ്കേതിക തകരാറുകൾ, പരിശോധിക്കാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഹരിക്കാനാണ് യുഐഡിഎഐ ശ്രമിക്കുന്നത്. അടുത്താഴ്ച നടക്കുന്ന വിചാരണയിൽ വിർച്വൽ ഐഡി ശ്രമത്തെ ശക്തമായി എതിർക്കുമെന്നും പരാതിക്കാർ പറഞ്ഞു. ആധാറിന്റെ ആധികാരികതയെയും അതു നിർബന്ധമാക്കുന്നതിനുള്ള കേന്ദ്ര നീക്കത്തെയും ചോദ്യം ചെയ്താണ് പരാതിക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

ആധാറിന്റെ സുരക്ഷ ഉറപ്പാക്കാൻ മാർച്ച് ഒന്നു മുതൽ വെർച്വൽ ഐഡി സംവിധാനം നടപ്പിലാക്കുമെന്നാണ് ആധാർ അതോറിറ്റി വ്യക്തമാക്കിയത്. 500 രൂപയ്ക്ക് ആരുടെയും ആധാർ വിവരങ്ങൾ സ്വന്തമാക്കാമെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി അതോറിറ്റി രംഗത്തെത്തിയത്. ആധാർ നമ്പർ നൽകേണ്ട വിവിധ ആവശ്യങ്ങൾക്ക് ആധാർ ബയോമെട്രിക് കാർഡിലെ 12 അക്ക നമ്പരിനു പകരം താൽക്കാലികമായി ലഭിക്കുന്ന മറ്റൊരു രഹസ്യനമ്പർ പങ്കുവയ്ക്കുന്ന സംവിധാനമാണു വെർച്വൽ ഐഡി വഴി ഒരുക്കുന്നത്.

സംവിധാനം ഇങ്ങനെ

ആധാർ സംബന്ധമായ ആവശ്യങ്ങൾക്ക് ഇനി നൽകേണ്ടത് 16 അക്ക താൽക്കാലിക രഹസ്യ നമ്പരാണ്. വെബ്സൈറ്റിൽ നിന്ന് ഇതു സ്വന്തമാക്കാം. ഇതും ബയോമെട്രിക് വിരലടയാളവും നൽകുമ്പോൾ പേര്, വിലാസം, ഫോട്ടോ എന്നീ അടിസ്ഥാന വിവരങ്ങൾ മാത്രമാകും ലഭിക്കുക. ആധാർ നമ്പരുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ യഥാർഥ നമ്പർ കൈവശപ്പെടുത്താൻ സാധിക്കില്ലെന്നാണു വിശദീകരണം. ആധാർ റജിസ്റ്റർ ചെയ്തവർക്ക് ആവശ്യമനുസരിച്ച് എത്ര വെർച്വൽ ഐഡികൾ വേണമെങ്കിലും രൂപീകരിക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോൾ മുൻപുണ്ടായിരുന്നത് അസാധുവാകും. ഒരു നിശ്ചിത സമയം വരെ മാത്രമാകും ഇതുപയോഗിക്കാൻ സാധിക്കുക.