Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെലികോപ്റ്റർ യാത്രാവിവാദം, ഭരണസ്തംഭനം; സിപിഎം സെക്രട്ടേറിയറ്റിൽ ചർച്ചയാവും

pinarayi-kodiyeri

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രാവിവാദം കത്തിനിൽക്കെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാവിലെ പതിനൊന്നിന് തിരുവനന്തപുരം എകെജി സെന്ററിലെ യോഗത്തിൽ ഹെലികോപ്റ്റർ യാത്രാവിവാദവും ഭരണസ്തംഭനമെന്ന വിമർശനവും ചർച്ചയാവും. ഹെലികോപ്റ്ററിന് പണം നൽകാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദൻ പറഞ്ഞിരുന്നു. ഇക്കാര്യം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂരിലെ പാർട്ടി സമ്മേളന വേദിയിലായിരുന്ന മുഖ്യമന്ത്രി ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാനും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനുമാണ് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് എത്തിയത്. ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വന്നതോടെ സംഭവം വിവാദമായി. തുടർന്ന് ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന വികാരം പാർട്ടിക്കുണ്ട്. റവന്യൂമന്ത്രി കൈകഴുകിയ സാഹചര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നേക്കും. ജില്ലാസമ്മേളനങ്ങളുടെ നടത്തിപ്പും സെക്രട്ടേറിയറ്റ് അവലോകനം ചെയ്യും.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി സംസ്ഥാന സർക്കാർ പത്തര ലക്ഷം രൂപയാണ് ചെലവിട്ടത്. എന്നാൽ, ഇതേ സംഘത്തെ കാണാനായി എത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കു മാത്രമായി വേണ്ടിവന്നത് എട്ടു ലക്ഷം രൂപയും. ഒരേ ഉദ്യോഗസ്ഥനാണ് ഇൗ രണ്ടു തുകയും ദുരന്തനിവരണ വകുപ്പിൽനിന്ന് അനുവദിച്ച് ഉത്തരവിറക്കിയതെന്നതും വിചിത്രം.

അതിനിടെ, ഭരണത്തിലെ ഊന്നൽ വിട്ടു മുഖ്യമന്ത്രി  പാർട്ടി സമ്മേളനങ്ങളിൽ മുഴുകുന്നതിലുള്ള വിമർശനം ഹെലികോപ്റ്റർ വിവാദം കൂടി വന്നതോടെ ശക്തമായി. ഭരണം സ്തംഭിച്ചെന്നും മുഖ്യമന്ത്രിയുടെ പിടി പോയെന്നുമുള്ള ആക്ഷേപങ്ങളുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ആഴ്ചയിൽ നാല്– അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്നാണു സർക്കാർ അധികാരമേറ്റപ്പോൾ സിപിഎം നിശ്ചയിച്ചത്.

സമ്മേളനങ്ങൾക്കായി മുഖ്യമന്ത്രി പാർട്ടി തീരുമാനം മാറ്റുമോ എന്നു സംശയമുണ്ടായിരുന്നു. മുൻഗണന പാർട്ടി സമ്മേളനങ്ങൾക്കാണെന്നു സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി തന്നെ വ്യക്തമാക്കിയതോടെ വിമർശനം കടുത്തു. മുൻപും മുഖ്യമന്ത്രിമാർ പാർട്ടി സമ്മേളനങ്ങളിൽ സംബന്ധിക്കാറുണ്ടായിരുന്നെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ഭരണത്തെക്കുറിച്ചു പാർട്ടിക്കുള്ള അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്കു നേരിട്ടു കേൾക്കാൻ ഇതു സഹായിക്കുമെന്നും പാർട്ടി പറയുന്നു.