Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം; തിരിച്ചടിയുണ്ടാകുമെന്ന് നിയമ സെക്രട്ടറി

Devaswom-Board

തിരുവനന്തപുരം∙ ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള സർക്കാർ‌ തീരുമാനത്തിന് തിരിച്ചടി. ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം നിലനിൽക്കില്ലെന്നും സംവരണവുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്നും നിയമ സെക്രട്ടറി മുന്നറിയിപ്പ് നൽകി. സംവരണവിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി വിധിയ്ക്കെതിരാണ് തീരുമാനമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

നിയമത്തിന്റെ പിൻബലമില്ലാത്തതും കോടതിയിൽ ചോദ്യം ചെയ്താൽ ഇല്ലാതാകുന്നതുമാണ് ദേവസ്വം ബോർഡില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച പുതിയ സംവരണനയമെന്ന് നിയമ സെക്രട്ടറി പറയുന്നു. സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നാക്കാവസ്ഥ കണക്കാക്കുന്ന രീതി രാജ്യത്തെങ്ങും നിലവിലില്ല. ഈ രീതിയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ദ്രാസാവ്നി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 2007ലെ നാഗരാജ് കേസിലും 2017ലെ ബി.കെ.പവിത്ര കേസിലും സുപ്രീംകോടതി നിലപാട് ആവര്‍ത്തിച്ചിട്ടുമുണ്ട്.

ഇന്ദ്രാസാവ്നി കേസിന്റെ  വിധിപകർപ്പുകൂടി ഉള്‍പ്പെടുത്തിയാണു മുഖ്യമന്ത്രിക്ക് നിയമോപദേശം കൈമാറിയത്. നിയമങ്ങൾ അനുശാസിക്കാത്ത സംവരണവുമായി മുന്നോട്ടുപോകുന്നതു വൃഥാവ്യായാമം ആയിരിക്കുമെന്നും നിയമസെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംവരണ തീരുമാനത്തെ എന്‍എസ്എസ് സ്വാഗതം ചെയ്തെങ്കിലും എസ്എന്‍ഡിപി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. 

related stories