Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടുവയസ്സുകാരിയുടെ കൊലപാതകം: വേറിട്ട പ്രതിഷേധവുമായി പാക്ക് മാധ്യമപ്രവർത്തക

Kiren-Naz മകൾക്കൊപ്പം വാർത്ത അവതരിപ്പിക്കുന്ന കിരൺ നാസ്.

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ എട്ടു വയസ്സുകാരി ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നു. പാക്കിസ്ഥാനിലെ സാമാ ടെലിവിഷൻ ചാനലിലെ വാർത്താ അവതാരക കിരൺ നാസ് തന്റെ മകളെ ഒപ്പം കൂട്ടി വാർത്ത അവതരിപ്പിച്ചാണ് പ്രതിഷേധമറിയിച്ചത്.

താൻ കിരൺ നാസ് അല്ലെന്നും ഒരമ്മ മാത്രമാണെന്നും പറഞ്ഞാണ് അവർ വാർത്ത അവതരണം ആരംഭിച്ചത്. അമ്മ ആയതിനാലാണ് എന്റെ മകൾക്കൊപ്പം ഇവിടെ ഞാനിരിക്കുന്നത്. ചെറിയ ശവപ്പെട്ടികൾ ഭാരമേറിയവയാണെന്ന് അവർ പറയുന്നതു ശരിയാണ്. അവളുടെ ആ ചെറിയ ശവപ്പെട്ടി പാക്കിസ്ഥാനെ ഒന്നടങ്കം പീഡിപ്പിക്കുകയാണെന്നും നാസ് പറഞ്ഞു. 1.50 മിനിറ്റ് നീണ്ടുനിന്ന അവതരണത്തിൽ രാജ്യത്തു നടക്കുന്ന മാനഭംഗങ്ങൾക്കെതിരെയും കൊലപാതകങ്ങൾക്കെതിരെയും നാസ് ശക്തമായി പ്രതികരിച്ചു.

പാക്ക് പഞ്ചാബിലെ കസൂറിലുണ്ടായ എട്ടുവയസ്സുകാരിയുടെ മരണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈമാസം നാലിനാണ് ട്യൂഷൻ സെന്ററിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ തീർത്ഥാടനത്തിനായി സൗദി അറേബ്യയ്ക്കു പോയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി അപരിചതനായ ഒരാൾക്കൊപ്പം നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ കുടുംബം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരുന്നു.

സൗദി അറേബ്യയിൽ മാതാപിതാക്കൾ മകൾക്കു വേണ്ടി പ്രാർഥിക്കുകയും കളിപ്പാട്ടങ്ങൾ വാങ്ങുകയും ചെയ്യുമ്പോൾ നാട്ടിലൊരു ഭീകരൻ അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാസ് പറയുന്നു. ഇതൊരു കുട്ടിക്കെതിരെയുള്ള പീഡനമോ കൊലപാതകമോ അല്ല. സമൂഹത്തിന്റെ തന്നെ കൊലപാതകമാണിത്. അവൾ മാത്രമല്ല മനുഷ്യത്വവും അവൾക്കൊപ്പം മരിച്ചുവെന്നും നാസ് പറഞ്ഞു.

അതേസമയം, സൗദിയിൽനിന്നു മടങ്ങിയെത്തിയ പിതാവ് തന്റെ മകൾക്ക് നീതി ലഭിക്കുന്നതുവരെ അവളുടെ മൃതദേഹം സംസ്കരിക്കില്ലെന്നും വ്യക്തമാക്കി.