Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖിപ്പണത്തിൽ ആകാശയാത്ര; മുഖ്യമന്ത്രിയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി

KM Abraham, Pinarayi Vijayan

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചത്. താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കാൻ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും ഏബ്രഹാം വ്യക്തമാക്കി. 

ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ഡോ.കെ.എം.ഏബ്രഹാം, ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഓഫ് കേരളയുടെ ചെയർമാനാണ് ഇപ്പോൾ. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും സർക്കാരിന്റെ ധനകാര്യ (ഇൻഫ്രാസ്ട്രക്ച്ചർ) ആസൂത്രണ സാമ്പത്തിക കാര്യ (ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ) വകുപ്പുകളുടെ എക്സ് ഒഫിഷ്യോ സെക്രട്ടറി കൂടിയാണ്.

അതേസമയം, ഹെലികോപ്റ്റര്‍ വിവാദത്തില്‍ പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് താന്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് ചട്ടങ്ങള്‍ പാലിച്ചാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒട്ടേറെ തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലേക്ക് ഒരു തവണ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയും പറന്നെന്നായിരുന്നു പിണറായി വിജയന്‍ ഇടുക്കിയില്‍ പറഞ്ഞത്.

തന്റെ ഹെലികോപ്റ്റർ യാത്രയെ മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചരണം നടക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഓഖി കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും ആക്ഷേപം. കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചെലവും വഹിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. ആ ചെലവുകള്‍ ഏത് കണക്കില്‍ നിന്നെന്ന് ഒരു മന്ത്രിയും അന്വേഷിക്കാറില്ല. സാധാരണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം ചെയ്യുന്നത്. ആവശ്യത്തിനാണല്ലോ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. കുടുംബത്തില്‍ നിന്നല്ല കാറിന് പണം കൊടുക്കുന്നത്.

ഏതു ഗണത്തിലാണ് പണം കൊടുക്കുന്നതെന്ന് മന്ത്രിമാരാരും ചോദിക്കാറില്ല. ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ല.· തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങില്‍ പ്രത്യേക വിമാനത്തില്‍ പോയി. ഏത് അക്കൗണ്ടില്‍ നിന്നാണ് പണം കൊടുത്തതെന്ന് തനിക്കറിയില്ല. തന്റെ പണിയാണോ അത്? ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് പണം കൊടുക്കാന്‍ തീരുമാനിച്ചതെന്ന് ചൊവ്വാഴ്ചയാണ് അറിഞ്ഞത്. അപ്പോള്‍ത്തന്നെ തിരുത്തി.

ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണമെടുത്ത് മുന്‍മുഖ്യമന്ത്രിയും ഹെലികോപ്റ്റര്‍ യാത്ര നടത്തിയിട്ടുണ്ട്. ഇടുക്കിയിലേക്കുളള അടിയന്തര യാത്രയ്ക്ക് മുൻമുഖ്യമന്ത്രി 28 ലക്ഷം രൂപയാണ് ചെലവാക്കിയത്. പ്രത്യേക സാഹചര്യങ്ങളില്‍ അതനുസരിച്ച് യാത്ര വേണ്ടിവരും. മുഖ്യമന്ത്രിയെന്ന നിലയില്‍ ഇനിയും  ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും പിണറായി വ്യക്തമാക്കി.

related stories