Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാവ്‌ലിൻ കേസ്: സിബിഐ അപ്പീലിൽ പിണറായിക്ക് സുപ്രീംകോടതി നോട്ടീസ്

Pinarayi Vijayan

ന്യൂഡൽഹി∙ ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേർക്കും നോട്ടിസ് അയക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. മറ്റ് മൂന്ന് പ്രതികൾ വിചാരണ നേരിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്തു. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു.

2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ ഇടപാടു നടക്കില്ലെന്ന് അപ്പീലിൽ സിബിഐ ചൂണ്ടിക്കാട്ടി.

മന്ത്രിതലത്തിൽ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു വിഷയത്തിൽ നടപടിയെടുക്കാനാവില്ല. സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ലെന്നും അപ്പീലിൽ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസൻ, കസ്‌തൂരിരംഗ അയ്യർ എന്നിവരും കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരനും നൽകിയ അപ്പീലുകളും പരിഗണനയ്ക്കു വന്നു.

ഹർജിയിൽ സിബിഐ പറയുന്നത്:

കേസിൽ കെ.മോഹനചന്ദ്രൻ, പിണറായി വിജയൻ, എ.ഫ്രാൻസിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്‌ട്യാ ഗൂഢാലോചനയ്‌ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തിൽ മാത്രമേ വ്യക്‌തമാകുകയുള്ളു. തെളിവുണ്ടെന്നു വിലയിരുത്തിയശേഷം, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ല.

കേസിൽ നിയമവശമാണു ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ, കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്താനാണു ശ്രമിച്ചത്. ചില കാര്യങ്ങൾ വിചാരണയിൽ മാത്രം പരിശോധിക്കണമെന്നു തീരുമാനിച്ച ഹൈക്കോടതിതന്നെ മൂന്നു പ്രതികളെ വിചാരണയിൽനിന്ന് ഒഴിവാക്കി. റിവിഷനൽ കോടതിയായി പ്രവർത്തിച്ച ഹൈക്കോടതി വസ്‌തുതാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവർന്നെടുത്തു.

അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നത്. എന്നാൽ, ചിലരെ തിരഞ്ഞുപിടിച്ചു കേസിലുൾപ്പെടുത്തുന്ന രീതിയാണ് അന്വേഷണ ഏജൻസിയുടേതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ, വസ്‌തുതാപരമായി തെളിവുകളുണ്ടായിട്ടും ചിലരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ് ഹൈക്കോടതി ചെയ്‌തത്. കുറ്റാരോപിതർക്കെതിരെ നടപടി തുടരാൻ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം, തെളിവത്രയും പരിശോധിച്ച് കേസ് തീർപ്പാക്കുകയാണു ഹൈക്കോടതിയും വിചാരണക്കോടതിയും ചെയ്‌തത്.

related stories