Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാഫിസ് സയീദിനെതിരെ എന്തു നടപടി?; ചോദ്യത്തോടു പ്രതികരിക്കാതെ പാക്ക് പ്രതിനിധി

Hafiz Saeed

ഇസ്‌ലാമാബാദ്∙ യുഎസിന്റെ ഭാഗത്തുനിന്നു ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും മുംബൈ ഭീകരാക്രമണക്കേസ് സൂത്രധാരൻ ഹാഫിസ് സയീദിനെതിരെ എന്തു നടപടിയെടുത്തെന്ന ചോദ്യത്തോടു പ്രതികരിക്കാതെ പാക്ക് പ്രതിനിധി. വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ, രാജ്യാന്തര തലത്തിൽനിന്നുള്ള ഉടമ്പടികൾ ഗൗരവമായി പരിഗണിക്കുമെന്നു പറഞ്ഞെങ്കിലും എന്തു നടപടിയെടുത്തെന്ന ചോദ്യത്തോടു പ്രതികരിച്ചില്ല. സയീദ് ഉൾപ്പെടെയുള്ളവർക്കും സംഘടനകൾക്കുമെതിരെയുള്ള യുഎൻ ഉപരോധം നടപ്പിൽവരുത്തുന്നത് പാക്കിസ്ഥാൻ ഗൗരവതരമായി കാണുമെന്നും ഫൈസൽ കൂട്ടിച്ചേർത്തു.

സയീദിന്റെ വിഷയത്തിൽ പാക്കിസ്ഥാൻ രാജ്യാന്തര ഉപരോധം ഗൗരവമായാണ് എടുക്കുന്നത്. നിരോധന പട്ടികയിൽപ്പെടുന്ന എല്ലാവർക്കെതിരെയും പാക്കിസ്ഥാൻ നടപടിയെടുത്തു. യുഎൻ രക്ഷാ സമിതിയുടെ ഉപരോധവുമായി ബന്ധപ്പെട്ടു സ്വത്തുക്കള്‍ മരവിപ്പിച്ചു. ആയുധശാലകൾ അടച്ചുപൂട്ടി, യാത്രാനിരോധനവും ഏർപ്പെടുത്തി, ഫൈസൽ വ്യക്തമാക്കി.

1990ളിൽ യുകെയിലെത്തി, മുസ്‌ലിംകളോടു ജിഹാദിൽ പങ്കാളികളാകാൻ ഹാഫിസ് സയീദ് ആഹ്വാനം ചെയ്തതായി രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ചും ഫൈസലിനോടു മാധ്യമപ്രവർത്തകർ ചോദിച്ചു. 1995ൽ ബ്രിട്ടനിലെ പള്ളികളിൽ സയീദ് സന്ദർശിച്ചിരുന്നുവെന്നും ഭീകരസംഘടനയായ ലഷ്കറെ തയിബ അന്നു പ്രസിദ്ധീകരിച്ച മാസികയിൽ ഇതുസംബന്ധിച്ച വിവരങ്ങൾ വന്നുവെന്നുമായിരുന്നു ബിബിസിയുടെ റിപ്പോർട്ട്. ലഷ്കറെ തയിബ നിരോധിച്ചതിനാൽ ജമാത്ത് അദ്ദ് ഉദ്ദവയുടെ തലവനാണ് ഇപ്പോൾ സയീദ്.

എന്നാൽ ഈ ചോദ്യത്തോടു പ്രതികരിക്കാതിരുന്ന ഫൈസൽ, ജമാത്ത് അദ്ദ് ഉദ്ദവയുടെ സംഭാവനാ സ്വീകരണം നിരോധിച്ചെന്നും യുഎൻ രക്ഷാ സമിതിയുടെ പട്ടികയിൽപ്പെടുന്ന മറ്റു സംഘടനകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നും അറിയിച്ചു.

ഭീകരരെ നേരിടുന്നതിനു കാലങ്ങളായി പാക്കിസ്ഥാനു നൽകിയ 33 ബില്യൺ ഡോളറിനു പകരം തിരിച്ചുകിട്ടയതു ചതിവും നുണകളുമാണെന്നു വ്യക്തമാക്കി എല്ലാ സഹായവും നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചിരുന്നു. ഈ നടപടിക്കുപിന്നാലെയാണു രാജ്യാന്തര തലത്തിൽ മുഖം രക്ഷിക്കാൻ പാക്കിസ്ഥാൻ സയീദ് ഉൾപ്പെടെയുള്ള ഭീകരവാദികൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ഇന്ത്യയുമായി സംസാരിക്കാൻ തയാറാണെങ്കിലും ഇന്ത്യ ചർച്ചയ്ക്കു തയാറല്ലാത്തതിനാൽ ഇപ്പോൾ ഒന്നും ചെയ്യാനാകില്ലെന്നും പ്രതികരിച്ചു.