Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെല്‍പാം എംഡി സ്ഥാനത്തുനിന്ന് സജി ബഷീറിനെ മാറ്റി; പുനഃപരിശോധനാ ഹർജി വെള്ളിയാഴ്ച

saji-basheer സജി ബഷീർ

തിരുവനന്തപുരം∙ സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്തുനിന്നു നീക്കി. വ്യവസായ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. തിരിച്ചെടുത്തതു ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. സജി ബഷീറിന്‍റെ നിയമനവാര്‍ത്ത പുറത്തുകൊണ്ടുവന്നതു മനോരമ ന്യൂസാണ്.

കെൽപാം എംഡി സജി ബഷീറിനെതിരെ നിലപാടു കടുപ്പിച്ചു സർക്കാർ. സജി ബഷീറിന്റെ നിയമനത്തിനെതിരെ വെള്ളിയാഴ്ച പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യും. വ്യവസായവകുപ്പിനു സജി ബഷീറിനെ ഉൾക്കൊള്ളാനാകില്ലെന്നു മുഖ്യമന്ത്രിയെയും മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.

അഴിമതിക്കേസുകളില്‍ പ്രതിയായ സജി ബഷീറിനെ വ്യവസായവകുപ്പിനു വേണ്ടെന്ന നിലപാടാണു മന്ത്രി എ.സി. മൊയ്തീന്. ഹൈക്കോടതി വിധിയുടെ ബലത്തിൽ നേടിയ നിയമനം പുനഃപരിശോധനാ ഹർജിയിലൂടെ നേരിടാനാണു വ്യവസായ വകുപ്പിന്റെ തീരുമാനം. സജി ബഷീറിന്റെ സംബന്ധിച്ചുള്ള എല്ലാ ഫയലുകളും കഴിഞ്ഞദിവസം മന്ത്രി വിളിച്ചു വരുത്തിയിരുന്നു. കേസിൽ നേരത്തെ ഹാജരായ അഭിഭാഷകൻ ഔദ്യോഗികാവശ്യത്തിനു ഡൽഹിയിലാണ്. അദ്ദേഹം തിരിച്ചെത്തിയശേഷം പുനഃപരിശോധനാ ഹർജി വെള്ളിയാഴ്ച ഫയൽ ചെയ്യും.

പിഴവുകൾ ആവർത്തിക്കരുതെന്ന് അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. സര്‍വീസില്‍ തിരിച്ചെടുക്കാനായി സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചെന്നും സര്‍ക്കാര്‍ ജോലിക്കു സജി ബഷീറിന് അവകാശമില്ലെന്നു കാട്ടി നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയതും സസ്പെന്‍ഡ് ചെയ്ത് ഒന്നര വര്‍ഷമായിട്ടും പുറത്താക്കി ഉത്തരവിറക്കാത്തതുമാണു ഹൈക്കോടതിയിലെ കേസില്‍ സജി ബഷീറിന് അനുകൂലമായതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രി എ.സി. മൊയ്തീൻ കാര്യങ്ങൾ ധരിപ്പിച്ചു. വ്യവസായ വകുപ്പിന്റെ ശക്തമായ എതിർപ്പുണ്ടായിട്ടും സജി ബഷീർ കഴിഞ്ഞദിവസം വൈകുന്നേരം കെൽപാമിന്റെ എംഡിയായി ചുമതലയേറ്റിരുന്നു.

സിഡ്കോ എംഡിയായിരുന്നപ്പോൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് സജി ബഷീർ വിദേശത്തും നിക്ഷേപിച്ചിട്ടുണ്ട്. ഇതു കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്നാണു സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് സഹകരണ ഫെഡറേഷനു ഡൈ അമോണിയം സൾഫേറ്റ് വിതരണം ചെയ്തതിലെ ക്രമക്കേടിലും സംസ്ഥാന ഏജൻസി അന്വേഷണം പ്രയോഗികമല്ലെന്നും ചൂണ്ടിക്കാണിക്കുന്നു. സർക്കാരിവേണ്ടി വിജിലൻസ് വകുപ്പ് അണ്ടർ സെക്രട്ടറിയാണു കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

നിലവിൽ ഇദ്ദേഹത്തിനെതിരെ നടക്കുന്ന സർക്കാർ അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള സ്വകാര്യ ഹർജിയിൽ കോടതി, സർക്കാർ വിശദീകരണം തേടുകയായിരുന്നു. ഇതിനുനൽകിയ മറുപടി സത്യവാങ്മൂലത്തിലാണു സർക്കാർ നിലപാടറിയിച്ചത്. സിഡ്കോയിലും കെഎസ്ഐഇയിലെയും അനധികൃത നിയമനങ്ങൾ, കടവന്ത്രയിലെ സിഡ്കോ ഭൂമി കൈമാറ്റം, സർക്കാർ ഭൂമി സ്വന്തം പേരിലാക്കി തുടങ്ങി പത്തോളം കേസുകളിലാണ് നിലവിൽ സജി ബഷീറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനാണെന്ന വിജിലൻസ് ശുപാർശയിൽ സർക്കാർ സജി ബഷീറിനെ നേരത്തെ പുറത്താക്കിയിരുന്നു.